ഓപ്പറേഷൻ മഫ്തി: യാത്രക്കാരായി ഉദ്യോഗസ്ഥർ; നിയമം ലംഘിച്ച സ്വകാര്യബസുകൾ കുടുങ്ങി
1437078
Thursday, July 18, 2024 10:34 PM IST
ചാരുംമൂട്: യൂണിഫോം ഒഴിവാക്കി മഫ്തിയിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ സ്വകാര്യബസുകൾ കുടുങ്ങി. സ്വകാര്യബസുകളുടെ നിയമ ലംഘനങ്ങളെക്കുറിച്ച് മാവേലിക്കര ജോയിന്റ് ആർ ടിഒ എം.ജി. മനോജിന് കിട്ടിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് യൂണിഫോം ഇല്ലാതെ യാത്രക്കാരായി സ്വകാര്യബസുകളിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേ ശം നൽകിയത്.
മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർ രാവിലെ മുതൽ തന്നെ സ്വകാര്യബസുകളെ നിരീക്ഷിക്കുകയായിരുന്നു.
തുടർന്ന് എംവി ഐ പ്രമോദ്, എഎംവിഐ സജു പി. ചന്ദ്രൻ എന്നിവർ ചാരുംമൂട് നിന്ന് വിവിധ റൂട്ടുകളിൽ യാത്ര നടത്തി. സ്വകാര്യബസുകളെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ സഹായത്തോടെ ബസിലെ നിയമലംഘനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു.
മിക്ക ബസുകളുടെയും ഡ്രൈവറും കണ്ടക്ടറും യൂണിഫോം ധരിച്ചുകൊണ്ടല്ല സർവീസ് നടത്തുന്നത് എന്ന് യാത്രക്കാർ പരാതിപ്പെട്ടു.
ചില വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്താതെയാണ് സർവീസ് നടത്തുന്നതായും കണ്ടെത്തി. ഡോർ അടയ്ക്കാതെ സർവീസ് നടത്തിയ മൂന്നു വാഹനങ്ങൾ പരിശോധനയിൽ കുടുങ്ങി. നാലു വാഹനങ്ങളിലെ കണ്ടക്ടർമാർക്ക് ലൈസൻസില്ല എന്ന് കണ്ടെത്തി.
മറ്റു വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ സ്റ്റോപ്പുകളിൽ നിർത്തുന്ന ബസുകൾക്ക് കർശന താക്കിത് നൽകി. ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിൽ ബസുകൾ നിർത്തിയിട്ടാൽ പൊതുവഴി തടസപ്പെടുത്തിയതിനു കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അമിത ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിച്ച രണ്ടു വാഹനങ്ങൾക്കെതിരേ കേസ് ചാർജ് ചെയ്തു. കാഴ്ച മറയ്ക്കുന്ന രീതിയിൽ മുൻ ഗ്ലാസിൽ സ്റ്റിക്കർ പതിച്ച മൂന്നു വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. യാത്രക്കാരുടെ സഹായത്തോടെ ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി. മനോജ് അറിയിച്ചു.