യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്
1430047
Tuesday, June 18, 2024 11:36 PM IST
മാവേലിക്കര: മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്ത് ബാറിന് എതിർവശത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ്ഭവനിൽ രാജേഷ് എസ്. (49) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഇയാളെ
മിച്ചൽ ജംഗ്ഷന് വടക്ക് ട്രാവൻകൂർ റീജൻസി ബാറിനു എതിർവശം യൂണിയൻ ബാങ്കിനു മുന്നിലാണു മരിച്ച നിലയിൽ കണ്ടത്. തലയിൽ മുറിപ്പാടുകളും പുറത്തായി കരിനീലിച്ച വലിയ രണ്ട് പാടുകളും കണ്ടെത്തിയിരുന്നു.
ഇയാൾ തിങ്കളാഴ്ച രാത്രി വൈകിയും സമീപത്തെ ബാറിൽ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പോലീസ് ബാങ്കിന്റെ സിസിടിവി കാമറ പരിശോധിച്ചിരുന്നു. സിസിടിവിയിൽ രാജേഷും മറ്റ് മൂന്നുപേരും തമ്മിൽ അടിപിടി ഉണ്ടാകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ബാറിൽനിന്ന് മദ്യപിച്ചു പുറത്തിറങ്ങിയവരാണ് നാല് പേരും. വഴക്കിനിടെ ഒരാൾ രാജേഷിനെ പിടിച്ചു തള്ളുന്നതായി ക്യാമറ ദൃശ്യങ്ങളിലുണ്ട്. വീഴ്ചയ്ക്കിടയിൽ തലയിടിച്ചു വീണ രാജേഷിന് അനക്കമില്ലെന്നു കണ്ട് ഇവർ മടങ്ങിയെന്നാണു സൂചന.
രാജേഷുമായി സംഘർഷത്തിൽ ഏർപ്പെട്ടത് ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണെന്നാണ് സംശയം. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായതെന്നാണ് സൂചന. സ്ഥലത്ത് ശാസ്ത്രീയ പരിശോധനാ സംഘം, വിരലടയാള വിദഗ്ധർ എന്നിവർ തെളിവെടുപ്പ് നടത്തി. ഡിവൈഎസ്പി രാജേഷ്, മാവേലിക്കര സിഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. രാജേഷിന്റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടന്നു.