കുഴിയും വെള്ളക്കെട്ടും: സര്‍വീസ് നിര്‍ത്താന്‍ അനുവാദം തേടി കെബിടിഎ
1424664
Friday, May 24, 2024 10:58 PM IST
ആലപ്പുഴ: ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ തുറവൂര്‍, ചേര്‍ത്തല വരെയും ആലപ്പുഴയില്‍ പറവൂര്‍ മുതല്‍ തെക്കോട്ട് പുന്നപ്ര, അമ്പലപ്പുഴ വരെയുമുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞും വെള്ളക്കെട്ടുമായി സ്വകാര്യബസുകളുടെയും ഇതരവാഹനങ്ങളുടെയും യാത്ര ഏറെ ദുഷ്കരമാക്കുന്നുവെന്ന് സ്വകാര്യ ബസ് ഉടമകള്‍ പരാതിപ്പെടുന്നു.
റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വെള്ളം നിറഞ്ഞ വലിയ കുഴികളില്‍ വീണ് ബസുകളുടെ സ്പ്രിംഗും പ്ലേറ്റും ഒടിഞ്ഞ് ബസ് ഉടമയ്ക്ക് ഏറെ നഷ്ടങ്ങളുണ്ടാകുന്നു. കുഴികള്‍ അടച്ചും വെള്ളക്കെട്ടുകള്‍ ഒഴിവാക്കിയും റോഡുസഞ്ചാരം സുഗമമാക്കുന്നതുവരെ ആലപ്പുഴയിലെ സ്വകാര്യബസുകള്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവയ് ക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി അധികാരികളെ സമീപിക്കുന്നതിനും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ) ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു.