32.21 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​ക്കി; ചേ​ര്‍​ത്ത​ല മു​ന്‍ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Sunday, May 19, 2024 11:04 PM IST
ചേ​ര്‍​ത്ത​ല: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ സ​ര്‍​ക്കാ​രി​നു നി​കു​തി​യാ​യും ഫീ​സാ​യും ല​ഭി​ക്കേ​ണ്ട 32,21,165 രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ആ​യി​രു​ന്ന ജെ​ബി ചെ​റി​യാ​നെ​തി​രേ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ആ​ര്‍​ടി​ഒ എ.​കെ. ദി​ലു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള​ട​ക്കം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ ഉ​ദ്യോ​ഗ​സ്ഥത​ല​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് റി​പ്പോ​ര്‍​ട്ടും ന​ട​പ​ടി​ക​ളു​മെ​ന്ന വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. നി​ല​വി​ല്‍ തൃ​ശൂ​ര്‍ എൻഫോഴ്സ്മെ​ന്‍റ് ആ​ര്‍​ടി​ഒ ആ​ണ് ജെ​ബി ഐ. ​ചെ​റി​യാ​ന്‍. വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു.

2021 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ 2023 ന​വം​ബ​ര്‍ 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​യമ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചെ​ന്നു കാ​ട്ടി​യാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്. വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി ഇ​ള​വു​ക​ള്‍, നി​കു​തി ഒ​ഴി​വാ​ക്ക​ല്‍, പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്ക​ല്‍, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ള്‍ വീ​ണ്ടും ടെ​സ്റ്റ് ന​ട​ത്താ​തെ പു​തു​ക്കി ന​ല്‍​ക​ല്‍, റ ​വ​ന്യു റി​ക്ക​വ​റി ന​ട​പി​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.


പ്ര​ഥ​മ വി​വ​ര റി​പ്പോ​ര്‍​ട്ടി​ട്ട് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ടി​ഒ ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മാ​ര്‍​ച്ച് ര​ണ്ടി​ന് ചേ​ര്‍​ത്ത​ല ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്നാ​ണ് ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ ഒ​രു എം​വി​ഐയെ ​ചു​മ​ത​ല​പ്പെ​ടു​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

എം​വി​ഐ ശേ​ഖ​രി​ച്ചു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ല​വി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ലി​ലേ​ക്കെ​ത്തി​യ​ത്. ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളു​മാ​ണ് ചേ​ര്‍​ത്ത​ല​യി​ല്‍ ന​ട​ന്ന​തെ​ന്നും ഇ​തി​ല്‍ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഒ​രു വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്ന​ത്.