മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: നാലുപേര്‍ പിടിയില്‍
1423160
Friday, May 17, 2024 11:36 PM IST
ചേര്‍ത്തല: മുക്കു പണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ നാലുപേർ പിടിയിൽ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലുപേരെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് തൃച്ചാറ്റുകുളം സിയാദ് മൻസിലിൽ സീതി മകൻ സിയാദ് (32), അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് ലൈല മൻസിലിൽ നാസർ മകൻ നിയാസ് (32), അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് വടുതലജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ റിയാസ് (45), കോയമ്പത്തൂർ തെലുങ്ക്പാളയം സ്വദേശി അറുമുഖം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ സ്വദേശിയായ അറുമുഖം എന്ന സ്വർണപ്പണിക്കാരനെ കൊണ്ടാണ് പ്രതികൾ മുക്കുപണ്ടം പണിയിച്ചത്. ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം മുകൾ ഭാഗത്ത് ചേർത്താണ് 10 ഗ്രാം തൂക്കം വരുന്ന വളകൾ നിർമിച്ചത്.
നിയാസ്, സിയാദ് എന്നിവരാണ് കോയമ്പത്തൂരില്‍ പോയി വളകൾ പണിയിച്ചു വാങ്ങിയത്. 250 ഓളം സ്വർണവളകളാണ് ഇത്തരത്തിൽ പ്രതികൾ പണിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരുവർഷക്കാലമായി പ്രതികൾ തട്ടിപ്പുനടത്തിവരികയായിരുന്നു. സാമ്പത്തികം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെക്കൊണ്ടാണ് സ്വർണം പണയം വയ്പ്പിച്ചിരുന്നത്. ഒരുവലിയ തുക സ്വർണപ്പയണത്തിലൂടെ വാങ്ങിയശേഷം സുഹൃത്തുക്കൾക്ക് ചെറിയ തുക മാത്രം നൽകി ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു പതിവ്.
ചേർത്തലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ മുക്കുപണ്ടം പണയം വയ്ക്കുകയും തിരികെ എടുക്കാതെ വന്നപ്പോൾ ധനകാര്യ സ്ഥാപനം സ്വർണം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് തട്ടിപ്പു വെളിപ്പെട്ടത്.
മുക്കുപണ്ടം വച്ച് ലഭിക്കുന്ന പണം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
റിയാസിനെ വ്യാഴാഴ്ചയും മറ്റു പ്രതികളെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേ ശപ്രകാരം ചേർത്തല ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. ഷാജിയുടെ നേതൃത്വത്തിൽ ചേർത്തല പോലീസ് സ്റ്റേഷൻ ഓഫീസര്‍ ജി. പ്രൈജു, സബ് ഇൻസ്പെക്ടര്‍മാരായ കെ.പി. അനിൽകുമാർ, ആര്.എല്‍. മഹേഷ്, ബൈജു, സീനിയർ ഓഫീസർമാരായ കെ.പി. സതീഷ്, ഗിരീഷ്, അരുൺകുമാർ, അജയ്, ധൻരാജ് ഡി. പണിക്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 250 ഓം വളകളാണ് പ്രതികൾഇത്തരത്തിൽ പണയം വച്ചിരിക്കുന്നത്.