തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
1422961
Thursday, May 16, 2024 11:47 PM IST
എടത്വ/മാങ്കാംകുഴി: തലവടിയിലും തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പൂഞ്ചായില്ചിറ ബിനോയിയുടെ താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവിന്റെ സാമ്പിള്‍ ഭോപ്പാല്‍ വൈറോളജി ലാബിലെ പരിശോധനയ്ക്കുശേഷമാണ് സ്ഥിതീകരണമായത്. താറാവുകള്‍ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബില്‍ കര്ഷകന് സാമ്പിള്‍ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ പരിശോധനഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് മുഗസംരക്ഷണവകുപ്പിന്റെ നേത്യത്വത്തില്‍ ഭോപ്പാല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.
3550 താറാവുകളില്‍ 2000 താറാവുകള്‍ ചത്തതായി കര്ഷകന് പറഞ്ഞു. താറാവുകളെ കൊന്നൊടുക്കാനുള്ള നടപടി ആരംഭിച്ചിട്ടില്ല. കളക്ടറേറ്റില്‍ നടക്കുന്ന മീറ്റിംഗിനുശേഷം താറാവുകളെ കൊന്നൊടുക്കാനുള്ള നടപടി ആരംഭിക്കും.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീടിനു സമീപം താത്കാലിക ടെന്റ് കെട്ടി ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന കര്ഷകന് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. കിടപ്പുരോഗിയായ പിതാവിന്റെ സംരക്ഷണം വീട്ടിലുള്ള വ്യദ്ധയായ മാതാവിന് കഴിയാത്ത സാഹചര്യത്തിലാണ് ബിനോയ് വീട്ടിലെത്തിയത്. ബിനോയ് വീട്ടിലെത്തിയതോടെ മറ്റുള്ളവരും ക്വാറന്റൈനിൽ കഴിയേണ്ടിവരുന്ന അവസ്ഥയിലാണ്്. ജീവനുള്ള താറാവുകളുടെ സംരക്ഷണവും കര്ഷകന് ഏറെ ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
തഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ പെലുവേലില് ചാല് പുഞ്ചയില്‍ കഴിഞ്ഞദിവസം താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍നിന്നും ഡോ. വൈശാഖിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘമെത്തി പരിശോധിച്ചശേഷം ഭോപ്പാലിലെ ലാബില്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു.
ചെന്നിത്തല സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള 2500 താറാവുകളാണ് കഴിഞ്ഞ ആഴ്ച ചത്തത്. പതിനായിരം താറാവുകളുമായി നൂറനാട് പഞ്ചായത്ത് ഭാഗത്തെ പുഞ്ചയിലായിരുന്ന സന്തോഷ്. കഴിഞ്ഞ ആഴ്ചയാണ് തഴക്കര പഞ്ചായത്ത് ഭാഗത്തേക്കുവന്നത്. തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധന ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് പക്ഷിപ്പനി ആണെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കും. 18ന് രാവിലെ താറാവുകളെ കൂട്ടത്തോടെ സംസ്കരിക്കും. തഴക്കരയില്‍ നിലവില്‍ താറാവ് കര്‍ഷകരില്ല. ചെന്നിത്തലയില്‍നിന്നും വെട്ടിയാറിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ താറാവുകളെ എല്ലാവര്‍ഷവും കര്‍ഷകര്‍ കൊണ്ടുവരികയാണ് പതിവ്.