കൊപ്രാപ്പുരയ്ക്ക് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം
1417772
Sunday, April 21, 2024 5:12 AM IST
ഹരിപ്പാട്: കൊപ്രാപ്പുരയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ ചെമ്പ്രാളിൽ ശിവൻ ചെട്ടിയാരുടെ കൊപ്രാപ്പുരയ്ക്കാണ് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. ഇന്നലെ രാവിലെ 5.30നാണ് സംഭവം.
പുലർച്ചെ നാലിന് ചേരിലെ നാളീകേരത്തിനു പുകയിട്ടതിനുശേഷം ശിവൻ ചെട്ടിയാർ കുടുംബക്ഷേത്രമായ മുതുകുളം മാരിയമ്മൻ കോവിലിൽ പോയിരുന്നു.
5.30ന് ചേരിനു തീപിടിച്ചത് ഭാര്യ രാധാമണി കണ്ടതിനെത്തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അവരെത്തി തീയണച്ചു.
കൊപ്രാചേരും 4200 നാളീകേരവും പൂർണമായും കത്തിനശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറ്റടിച്ച് തീ ആളിപ്പടർന്നതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ 40 വർഷമായി കൊപ്രാ വ്യവസായവും വെളിച്ചെണ്ണ വ്യാപാരവും നടത്തിവരികയായിരുന്നു ശിവൻ ചെട്ടിയാർ.