അപകടയാത്രയൊരുക്കി പാടശേഖര പുറംബണ്ടുകൾ
1416543
Monday, April 15, 2024 11:52 PM IST
മങ്കൊമ്പ്: പാടശേഖരങ്ങളുടെ ബണ്ടു സംരക്ഷണത്തിനൊപ്പം നാട്ടുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന് ചേന്നങ്കരി നിവാസികൾ. കഴിഞ്ഞദിവസം ആറുവയസുകാരി തീർഥയെന്ന കുട്ടി കാൽവഴുതി തോട്ടിൽവീണ് മുങ്ങിമരിച്ച സംഭവത്തെത്തുടർന്നാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെയെല്ലാം പുറംബണ്ട് മിക്കവാറും ദുർബലമാണ്. വീതികുറഞ്ഞ പുറംബണ്ടുകൾ കൃഷിക്കും ഏറെ ഭീഷണിയുണ്ടാക്കുന്നു. രണ്ടാം കൃഷിയിറക്കുന്ന പാടശേഖരങ്ങളിലെല്ലാം വലിയ തുകയാണ് ഓരോ വർഷവും കർഷകർക്കു ചെലവാകുന്നത്. താത്കാലികമായി നിർമിക്കുന്ന ഇത്തരം ബണ്ടുകൾ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുകയാണ് പതിവ്. അടുത്ത കൃഷിക്കും ബണ്ടു സംരക്ഷണത്തിനായി പണം കണ്ടെത്തേണ്ടിവരികയും വേണം. കുട്ടനാടു പാക്കേജിലെ പ്രധാന പദ്ധതികളിലൊന്നായിരുന്നു പാടശേഖരങ്ങളുടെ പുറംബണ്ടു സംരക്ഷണം.
പുറംബണ്ടിനൊപ്പം ട്രാക്ടർ റോഡുകളും എന്ന സ്വപ്നം എങ്ങുമെത്തിയില്ല. എന്നാൽ, ട്രാക്ടർ പോയിട്ടു ജനങ്ങളുടെ കാൽനടയാത്രപോലും ഇപ്പോൾ പലയിടത്തും അസാധ്യമായിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ രണ്ടാംകൃഷി സംരക്ഷിക്കുന്നതിനായി ഉയരത്തിൽ ബണ്ടുകൾ നിർമിക്കേണ്ടതായി വരും. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ യാത്രയും കൂടുതൽ അപകടകരവും ദുരിതപൂർണവുമാകും. അവശേഷിക്കുന്ന കൽക്കെട്ടുകളിൽ കൂടിയുള്ള യാത്ര ഏറെ സാഹസികമാണ്. ചെളിയുടെ സാന്നിധ്യം കൂടിയാകുമ്പോൾ വഴുവഴുപ്പും അപകടസാധ്യതയും ഏറും. ഇതിനു പരിഹാരമായി പാടശേഖരങ്ങളുടെ പുറംബണ്ടുകൾക്കു വീതി കൂട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതോടെ കൃഷിക്കു മടവീഴ്ചയിൽ നിന്നു ശാശ്വത സംരക്ഷണം ലഭിക്കും.
വർഷം തോറും കർഷകർക്കുണ്ടാകുന്ന അധികച്ചെലവിനും ഇതോടെ പരിഹാരമാകും. സ്കൂൾ തുറക്കുന്നതോടെ മഴയും ശക്തമായേക്കാം. കുരുന്നുകളടക്കം പ്രദേശത്തെ വിദ്യാർഥികളും നനഞ്ഞൊലിച്ച ഇതേ വഴിയിൽകൂടി തന്നെയാണ് യാത്ര ചെയ്യേണ്ടത്. മഴക്കാലത്തിനു മുൻപുതന്നെ വഴി അപകടരഹിതമായ വിധം സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയാറാകണമെന്നാണ് രക്ഷിതാക്കളുടെയും ആവശ്യം.
ആറുവയസുകാരി
തോട്ടിൽ വീണു മരിച്ചു
മങ്കൊമ്പ്: അമ്മയ് ക്കൊപ്പം ബന്ധുവീട്ടിലേക്കു നടന്നുപോകുന്നതിനിടെ കാൽവഴുതി തോട്ടിൽ വീണ ആറുവയസുകാരി മുങ്ങിമരിച്ചു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി തോട്ടിലേക്കു ചാടിയ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി.
ചേന്നങ്കരി കളരിപ്പറമ്പിൽ സുനീഷിന്റെ മകൾ തീർഥ യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 നാണ് അപകടം നടന്നത്. മാതാവ് കാർത്തികയ്ക്കൊപ്പം തോട്ടുവക്കിലെ കല്ലുകെട്ടിൽകൂടി നടന്ന കുട്ടി ആഴമുള്ള തോട്ടിലേക്കു വീഴുകയായിരുന്നു. ഈ സമയം സമീപത്തെങ്ങും ആരുമുണ്ടായിരുന്നില്ല. നീന്തലറിയാത്ത കാർത്തിക കുട്ടിയെ രക്ഷിക്കാനായി തോട്ടിലേക്കു ചാടി. ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാർ അവശയായ കാർത്തികയെ കരയ്ക്കെത്തിച്ചു.
പോളനിറഞ്ഞ തോട്ടിൽ കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും അരമണിക്കൂറിനുശേഷമാണ് കണ്ടുകിട്ടിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ത്രിദിഷയാണ് സഹോദരി. സംസ്കാരം നടത്തി. അതേസമയം തോട്ടുവക്കിലൂടെ നടക്കാൻ സുരക്ഷിതമായ വഴിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ കല്ലുകെട്ടു മാത്രമാണ് നടക്കുവാനുള്ള മാർഗം. പാടശേഖരത്തിന്റെ പുറംബണ്ടു ഉയർന്നുനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് അപകടഭീഷണിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.