കുഴിയില്‍ കപ്പ നട്ട് യാത്രക്കാര്‍
1301428
Friday, June 9, 2023 11:15 PM IST
എടത്വ: പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. യാത്രക്കാര്‍ കുഴിയില്‍ കപ്പ നട്ട് പ്രതിഷേധിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായിരിക്കുന്നത്. ഒരു മാസത്തിലേറെയായി ഈ അവസ്ഥ തുടര്‍ന്നിട്ടും ജല അഥോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയുടെ വ്യാപ്തി അപകടകരമാംവിധം വര്‍ധിച്ചു വരികയാണ്.
പരാതിപ്പെട്ട് മടുത്ത യാത്രക്കാര്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ റോഡിലെ കുഴിയില്‍ കപ്പ നട്ടുവച്ചു. എസി റോഡിന്റെ നവീകരണം തുടങ്ങിയതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടുന്നത്. സംസ്ഥാന പാതയുടെ അറ്റകുറ്റപ്പണി ഏറ്റെടുത്ത റോഡ് ഫണ്ട് ബോര്‍ഡും പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.