ശവക്കോട്ടപ്പാലം നിര്‍മാണം അവസാനഘട്ടത്തില്‍
1299502
Friday, June 2, 2023 11:13 PM IST
ആലപ്പുഴ: നഗരത്തിലെ പ്രധാന പാലങ്ങളിലൊന്നായ ശവക്കോട്ടപ്പാലത്തിനു സമാന്തരമായി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. നിലവില്‍ അപ്രോച്ച് റോഡുകളില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
മഴ കാരണം ടാറിംഗ് ജോലികള്‍ വൈകിയിരുന്നു. ടാറിംഗ് ഉടന്‍ പൂര്‍ത്തിയാക്കി ഈ മാസംതന്നെ പാലം തുറന്നുകൊടുക്കാനാകും. നിലവില്‍ പാലത്തില്‍ ബിറ്റുമിന്‍ ടാര്‍ മിക്സിംഗ് ജോലികള്‍ നടക്കുകയാണ്. കൊമ്മാടി പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഇരു പാലങ്ങളും സഞ്ചാരയോഗ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
നിലവിലുള്ള ശവക്കോട്ടപ്പാലത്തിനു സമാന്തരമായി ഒരു സ്പാനോടുകൂടി 25.8 മീറ്ററിലും 12 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. പുതിയ പാലത്തില്‍നിന്ന് 1.2 മീറ്റര്‍ മാറി 22.8 മീറ്റര്‍ നീളത്തിലും 7.8 മീറ്റര്‍ വീതിയിലും ഒരു നടപ്പാലവും നിര്‍മിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടില്‍നിന്ന് അനുവദിച്ച 28.4 കോടി രൂപ വിനിയോഗിച്ച് ക േരള റോഡ് ഫണ്ട് ബോര്‍ഡാണ് പാലം നിര്‍മിക്കുന്നത്. പുതിയ ഡ്രെയ് നേജുമുണ്ട്.
പാലത്തിന്റെ നിര്‍മാണം നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും സ്ഥലം ഏറ്റെടുപ്പ് വൈകിയതോടെ അപ്രോച്ച് റോഡ് നിര്‍മാണം പ്രതിസന്ധിലായതാണ് പാലം തുറന്നുകൊടുക്കാന്‍ വൈകിയത്. ഏകദേശം 12 സെന്റ് ഭൂമിയാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്.