മാളികമുക്ക്-ആറാട്ടുവഴി റോഡിന്റെ പണി തീരാത്തതിൽ പ്രതിഷേധം
1299002
Wednesday, May 31, 2023 10:52 PM IST
ആലപ്പുഴ: ആഴ്ചകൾ പലതു പിന്നിട്ടിട്ടും മാളികമുക്ക് മുതൽ ആറാട്ടുവഴി വരെയുള്ള റോഡിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം.
ജൂൺ ഒന്നിനു സ്കൂളുകൾ ഉൾപ്പെടെ യാത്രയ്ക്ക് ആശ്രയിക്കുന്ന പ്രധാന റോഡ് മാർഗമാണിത്. എൻജിനിയറിംഗ് ഭാഗത്തിലെ വീഴ്ചകൾ മൂലം റോഡ് പൊളിച്ചിട്ടശേഷമാണ് കാണയും കലിങ്കും നിർമാണത്തിലേക്കു പോയത്.
തന്മൂലം പ്രദേശവാസികൾ ഒന്നാകെ ദുരിതത്തിലാണ്. മാത്രമല്ല ടോറസ് പോലെയുള്ള ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ കലുങ്ക് നിർമാണത്തിലും കാണ നിർമാണത്തിലും അപാകത ആരോപിച്ചായിരുന്നു പ്രതിഷേധം.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. പി. രാഹുൽ, കൗൺസിലർമാരായ കെ. എ. ജെസി മോൾ, എലിസബത്ത് പി. ജി, ജോസഫ് നിതിൻ, ശരത് ബാബു, പി. എ. നിനു, ബാബുക്കുട്ടൻ പഴമ്പാശേരി, പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.