അടിപ്പാത വേണം; നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു
1297283
Thursday, May 25, 2023 11:01 PM IST
കായംകുളം: പട്ടണത്തിൽ കൂടി കടന്നുപോകുന്ന ദേശീയപാത ആറുവരിയായി വികസിക്കുമ്പോൾ പട്ടണത്തെ വെട്ടിമുറിക്കാൻ പാടില്ലെന്നും അടിപ്പാതകൾ നിർമിക്കണമെന്നും ആവശ്യം ശക്തമായി. ജൂൺ മൂന്നിന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ സദസ് കായംകുളം എംഎസ് എം കോളജ് ജംഗ്ഷനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കായംകുളം നഗരാതിർത്തിയായ കൃഷ്ണപുരം മുതൽ കരീലകുളങ്ങര വരെ നിരവധി പ്രധാന റോഡുകൾ ദേശീയപാതയുമായി ബന്ധിപ്പിച്ചു കടന്നുപോകുന്നുണ്ട്. ഇവിടങ്ങളിലെല്ലാം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് അവശ്യാനുസരണം അടിപ്പാതകൾ നിർമിച്ചാൽമാത്രമേ ജനസാന്ദ്രതക്കനുസരിച്ച് യാത്രാ സൗകര്യം ലഭ്യമാകൂ. ദേശീയപാത അഥോറിറ്റി നാളിതുവരെ കായംകുളം പട്ടണത്തിൽ കൂടി കടന്നുപോകുന്ന പാതയ്ക്ക് എവിടെയെല്ലാം അടിപ്പാത നിർമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പട്ടണത്തെ വെട്ടിമുറിച്ച് രണ്ടു പ്രദേശമാക്കാതിരിക്കാൻ അടിയന്തരമായി യാത്രാ സൗകര്യം സംബന്ധിച്ച് വ്യക്തതവരുത്തണമെന്നും ദേശീയ പാതയിലേക്ക് മതിയായ പ്രവേശന പാതകളും അടിപ്പാതകളും നിർമിക്കണമെന്നും സോഷ്യൽഫോറം ആവശ്യപ്പെട്ടു. സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, താഹ വൈദ്യൻ വീട്ടിൽ, മക്ബൂൽ മുട്ടാണിശേരി, എൻ.ആർ. അജയകുമാർ, സജീർ കുന്നുകണ്ടം, മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.