പിണറായി സര്‍ക്കാരിന്റെ നികുതിക്കൊള്ള ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: ബി.ബാബുപ്രസാദ്
1283234
Saturday, April 1, 2023 10:56 PM IST
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ നികുതിക്കൊള്ള ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീപ്പന്തം കൊളുത്തി പ്രകടനവും കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റിലെ 4500 കോടിയുടെ അധിക സാമ്പത്തികബാധ്യതകൂടി ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുകയാണ് ധനകാര്യമന്ത്രി. ഇതുമൂലം എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം വഴിമുട്ടുന്ന നാളുകളാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്ത് വിലവര്‍ധന ഉണ്ടാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് ജനദ്രോഹമാണ്. കോര്‍പറേറ്റുകളില്‍നിന്നു കോടിക്കണക്കിനു നികുതിക്കുടിശിക പിരിച്ചെടുക്കാനോ സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനോ കൂട്ടാക്കാതെ സര്‍ക്കാര്‍ കാട്ടുന്ന ധാര്‍ഷ്ട്യം ജനവഞ്ചനയാണ്. പ്രതിപക്ഷത്തെ തോല്‍പ്പിക്കാന്‍ നികുതി കുറയ്ക്കാതെ കടുത്ത നിലപാടെടുത്ത സര്‍ക്കാര്‍ ജനങ്ങളോടു മാപ്പു പറയണമെന്നും ബാബുപ്രസാദ് ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ.ജോബ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ആര്. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.