പുഴയെ അറിയാൻ പുതുതലമുറ ഒത്തുചേർന്നു
1279975
Wednesday, March 22, 2023 10:52 PM IST
മാന്നാർ: പുതുശ്വാസം നേടി നിറഞ്ഞൊഴുകുന്ന കുട്ടമ്പേരൂർ ആറിനെ അടുത്തറിയാനും അതിന്റെ പ്രാധാന്യം മനസിലാക്കാനും അവർ പുഴയോരത്ത് ഒത്തുകൂടി. മാന്നാർ സിറിയൻ എംഡിഎൽപി സ്കൂൾ സംഘടിപ്പിച്ച പുഴനടത്തം എന്ന വേറിട്ട പരിപാടി യുടെ ഭാഗമായാണ് അധ്യാപകരും വിദ്യാർഥികളും രക്ഷകർത്താക്കളും സാംസ്കാരിക പ്രവർത്തകരും കുട്ടമ്പേരൂർ ആറ്റു തീരത്ത് ഒത്തുചേർന്നത്.
ഒഴുക്ക് നിലച്ച് പായൽ മൂടി വിസ്മൃതിയിലേക്കാണ്ടുപോയ പുഴയെ ബുധനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറിന്റെ ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി കൊണ്ടാണ് പുനരുജ്ജീവിപ്പിച്ചത്.
പമ്പയാറിനെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിച്ചു രാജഭരണകാലത്ത് നിർമിച്ച ആറിന്റെ ചരിത്രവും വാണിജ്യ പ്രാധാന്യവും വീണ്ടെടുക്കലിന്റെ കഥയും പറഞ്ഞുകൊണ്ട്, ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു പരിപാടി ഉദ്ഘാടനം ചെയ്തു. വിപിൻ വി. നാഥ് അധ്യക്ഷനായ യോഗത്തിൽ, മധു പുഴയോരം, ലാലി ജയിംസ്, ജെസി.സി എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷം
ചേർത്തല: വാരനാട് ഗവ.എൽപി സ്കൂൾ വാർഷിക ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ, വാർഡ് മെമ്പർ ഷൈമോൾ കലേഷ്, രജിമോൾ, പിറ്റിഎ പ്രസിഡന്റ് പ്രശാന്ത്, എസ്എംസി ചെയർമാൻ എം.സഞ്ജു, പ്രഥമാധ്യാപിക എ.ശാലിനി, അധ്യാപിക വീണ, തങ്കച്ചൻ തോട്ടങ്കര, സുനിത, ദിയാമോൾ എന്നിവര്‍ പ്രസംഗിച്ചു.