നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലാ കെട്ടിടം നിർമാണത്തിനു തുടക്കം
1245760
Sunday, December 4, 2022 10:55 PM IST
അമ്പലപ്പുഴ: നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലാ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. 35 ലക്ഷം രൂപ ചെലവിൽ ഇരുനില മന്ദിരമാണ് നിർമിക്കുക. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗ്രന്ഥശാലയുടെ 1.5 സെന്റ് സ്ഥലവും 70 വർഷത്തിലധികം പഴക്കമുള്ള കെട്ടിടവും നഷ്ടമായി. മുമ്പ് ജി. സുധാകരൻ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്ന് പണം അനുവദിച്ചെങ്കിലും ഹൈവേ വികസനത്തിന്റെ ഭാഗമായി നിർമാണത്തിനു തടസം നേരിട്ടു. തുടർന്ന് എച്ച്. സലാം എംഎൽഎ ഈ തടസങ്ങളെല്ലാം പരിഹരിച്ചാണ് ഇപ്പോൾ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. ആകെയുള്ള 1100 സ്ക്വയർ ഫീറ്റിൽ ലൈബ്രറി, റീഡിംഗ് റൂം, ചിൾഡ്രൺ തീയറ്റർ, ശുചി മുറി ഉൾപ്പടെയുള്ളവ എട്ട് മാസം കൊണ്ട് പൂർത്തിയാക്കും.
ഗ്രന്ഥശാലാ പ്രസിഡന്റ് എച്ച്. സുബൈർ അധ്യക്ഷനായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അംഗം ഷിനോയ് മോൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, സെക്രട്ടറി ടി. തിലകരാജ്, ഗ്രന്ഥശാലാ സെക്രട്ടറി എം. നന്ദകുമാർ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.