കാൻസർ പേഷ്യൻസിന് ഇളനീരുമായി യൂത്ത് കോൺഗ്രസ്
1227005
Sunday, October 2, 2022 11:18 PM IST
അമ്പലപ്പുഴ: കാൻസർ പേഷ്യൻസിന് ഇളനീരുമായി യൂത്ത് കോൺഗ്രസ്. വണ്ടാനം ടിഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിൽ കാൻസർ പേഷ്യൻസിന് പതിവായി എല്ലാമാസവും ആദ്യ ആഴ്ച ഇളനീര് നൽകുവാൻ തയാറായി പുറക്കാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ഇക്കൊല്ലത്തെ ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ളതാണ് പ്രവൃത്തി.
18 വാർഡുകളുള്ള പുറക്കാട് പഞ്ചായത്തിലെ ഓരോ വാർഡിൽനിന്നും ഓരോ മാസത്തേക്ക് ആവശ്യമായ കരിക്ക് ശേഖരിച്ചാണ് കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്കടക്കം ഇളനീരെത്തിക്കുന്നത്. ഒരു തവണത്തേക്ക് ഏകദേശം ഇരുന്നൂറ്റിയൻപത് കരിക്ക് വേണ്ടിവരും. വീടുവീടാന്തരം കയറിയിറങ്ങിയാണ് കരിക്ക് ശേഖരിച്ചത്. ഇരുപതോളം യൂത്ത് കോൺഗ്രസ് വാളന്റിയർമാരാണ് ഈ ജീവകാരുണ്യ പ്രവർത്തിക്കായി തയാറെടുപ്പ് നടത്തിയത്. ചെത്തി ഒരുക്കിയ കരിക്കുമായെത്തിയ "ഇളനീർവണ്ടി" മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിനുമുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.