നെയ്മത്തി വരവായി, മത്സ്യവില താഴേക്ക്
1226324
Friday, September 30, 2022 10:55 PM IST
മാന്നാർ: നെയ്മത്തി സുലഭമായതോടെ വിലയും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി മത്സ്യത്തൊഴിലാളികൾക്ക് ധാരാളമായി മത്തി ലഭിക്കുന്നതിനാലാണ് വിലയിലും വൻ ഇടിവുണ്ടായിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെയ്മത്തി കേരളതീരത്ത് എത്തുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽനിന്നാണ് പ്രധാനമായും ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, ഹരിപ്പാട് മേഖലകളിൽ മത്സ്യം വില്പനയ്ക്കെത്തുന്നത്.
ഇവിടങ്ങളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നത് അയലയും മത്തിയുമാണ്. ഇതിൽ മലയാളികളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നായ മത്തി വിലക്കുറവിൽ ലഭിക്കുന്നുവെന്ന പ്രത്യേ കതയുണ്ട്. ട്രോളിംഗ് നിരോധിത മാസങ്ങളിൽ മത്സ്യത്തിനു വലിയ ദൗർലഭ്യമായിരുന്നു. ഒരു കാലത്തും ഉണ്ടാകാത്ത വിധത്തിൽ മീനിന്റെ വിലയും വർധിച്ചിരുന്നു.
മത്തി കിലോയ്ക്ക് 400 രൂപ വരെ വില വന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ അന്ന് എത്തിയിരുന്നവയിൽ അധികവും ഇതരസംസ്ഥാനങ്ങളിൽനിന്ന് രാസവസ്തുക്കൾ ചേർത്തവയും ആയിരുന്നു. അതിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ വൻ വിലക്കുറവിലാണ് മത്തി ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ കിലോയ്ക്ക് 100 രൂപയായിരുന്നു വില.
പിന്നീട് ഒന്നര കിലോയ്ക്ക് 100 രൂപയായി ചില്ലറ വില്പന. ഇന്നലെ രണ്ടു കിലോയ്ക്ക് 100 രൂപ നിരക്കിലായിരുന്നു വില്‍ പന. നെയ്മത്തി വിലക്കുറവിൽ ഒരാഴ്ച കൂടി സുലഭമായി ലഭിക്കുമെന്നാണ് വില്പനക്കാർ പറയുന്നത്.