മുളിയാറിലെ പുലി വീണ്ടും സംസ്ഥാനപാതയിൽ
1460767
Saturday, October 12, 2024 5:34 AM IST
ഇരിയണ്ണി: വനംവകുപ്പ് കൂട് സ്ഥാപിച്ച് പത്തുദിവസത്തിലേറെയായിട്ടും കുടുങ്ങാത്ത മുളിയാറിലെ പുലി വീണ്ടും സംസ്ഥാനപാതയിൽ. കഴിഞ്ഞദിവസം രാത്രി 11 ഓടെ കർമംതൊടിക്കു സമീപമാണ് പുലിയെ കണ്ടത്. സംസ്ഥാനപാതയിലൂടെ കാറിൽ പോവുകയായിരുന്ന ദമ്പതികളാണ് പുലിയെ കണ്ട കാര്യം നാട്ടുകാരെ അറിയിച്ചത്.
ഇതിന് ഒരു മണിക്കൂർ മുമ്പ് അടുത്തുതന്നെയുള്ള അടുക്കാത്തൊട്ടിയിലെ ഗോപാലകൃഷ്ണൻ എന്ന ആളിന്റെ വീടിനു സമീപവും പുലിയെ കണ്ടിരുന്നു. പട്ടിയുടെ നിർത്താതെയുള്ള കുര കണ്ട് ടോർച്ചടിച്ചു നോക്കിയപ്പോൾ പുലി ഓടിമറയുന്നതു കണ്ടതായാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
വനംവകുപ്പിന്റെ കൂട് സ്ഥാപിച്ചിട്ടുള്ള കുണിയേരിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലങ്ങൾ. കുണിയേരിയിൽ നിന്ന് തുടർച്ചയായി പട്ടികളെ കാണാതാവുകയും വനംവകുപ്പിന്റെ കാമറയിൽ പുലിയുടെ ചിത്രങ്ങൾ പതിയുകയും ചെയ്തതോടെയാണ് അവിടെ കൂട് സ്ഥാപിച്ചത്.
എന്നാൽ അവിടെ ആൾപ്പെരുമാറ്റം വർധിച്ചതോ ഇരകളുടെ എണ്ണം കുറഞ്ഞതോ മൂലം പുലി താവളം മാറ്റിയെന്ന സൂചനയാണ് ഇപ്പോൾ കിട്ടുന്നത്. ഏതാനും ദിവസം കൂടി നിരീക്ഷിച്ച ശേഷം കൂട് മാറ്റിസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് വനംവകുപ്പിന്റെ നിലപാട്.