മലയോരഹൈവേയിലെ വനപാതകൾ കെആർഎഫ്ബി പ്രതിനിധികൾ സന്ദർശിച്ചു
1460272
Thursday, October 10, 2024 8:37 AM IST
മാലോം: മലയോര ഹെവേയിൽ നിർമാണപ്രവൃത്തികൾ തുടങ്ങാൻ ബാക്കിയുള്ള മരുതോം, കാറ്റാംകവല ഭാഗങ്ങളിലെ വനപാതകളിൽ കെആർഎഫ്ബി അസി. എൻജിനീയർ പി.വി. പുഷ്പയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കോൺക്രീറ്റിംഗ് നടത്താനുദ്ദേശിക്കുന്ന ഭാഗങ്ങളും റീ ടാറിംഗ് നടത്താനുള്ള ബാക്കി ഭാഗങ്ങളും പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ഈ ഭാഗങ്ങളിൽ മലയോര ഹൈവേയുടെ നിർമാണത്തിനായി വനഭൂമി വിട്ടുകിട്ടിയിട്ട് ഒരു വർഷത്തിലേറെയായിട്ടും നിർമാണ പ്രവൃത്തികൾ തുടങ്ങാത്ത സാഹചര്യത്തിൽ നാട്ടുകാർ രൂപം നല്കിയ മലയോര ഹൈവേ ജനകീയ സമിതി ഭാരവാഹികൾ കഴിഞ്ഞ ദിവസം കെആർഎഫ്ബി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.
തകർന്ന വനപാതകളിൽ 750 മീറ്റർ ദൂരം 3.80 മീറ്റർ വീതിയിൽ കോൺക്രീറ്റിംഗ് നടത്താൻ കരാർ നൽകിയിട്ടുണ്ട്. പ്രവൃത്തികൾ ഒരാഴ്ചക്കകം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന 1200 മീറ്റർ ഭാഗത്ത് അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് ഉടൻ തയാറാക്കുമെന്നും കെആർഎഫ്ബി അധികൃതർ ഉറപ്പു നൽകി.
റോഡ് നിർമാണത്തിനായി വനഭൂമി വിട്ടുകിട്ടിയ ഭാഗങ്ങളിൽ അതിരടയാളമായി കോൺക്രീറ്റ്
കട്ടകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഈ മാസം 30 നകം പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഭാഗങ്ങളിൽ മലയോര ഹൈവേയുടെ നിർമാണം നടക്കാത്തതിനാൽ ഹൈവേയുടെ യഥാർഥ പ്രയോജനം വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ലഭിക്കാത്ത സാഹചര്യമാണെന്ന് സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ജനകീയ സമിതി ചെയർമാൻ ടി.പി. തമ്പാൻ, കൺവീനർ ബളാൽ പഞ്ചായത്ത് അംഗം അലക്സ് നെടിയകാലാ, ഭാരവാഹികളായ ജെന്നി തയ്യിൽ, സുരേഷ് മാലോം, രമണിശ്രീ കൊന്നക്കാട്, കെആർഎഫ്ബി എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. വിനോദ് കുമാർ, അസി. എൻജിനീയർ പി.വി. പുഷ്പ, ജയദീപ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.വനഭൂമി വിട്ടുകിട്ടിയ ഭാഗങ്ങളിൽ പൂർണമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഡിപിആർ രണ്ടു മാസത്തിനുള്ളിൽ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനല്കി. സ്ഥലം വിട്ടുകിട്ടുന്ന മുറയ്ക്ക് വള്ളിക്കടവിൽ പുതിയ പാലത്തിന്റെ നിർമാണം തുടങ്ങുമെന്നും അവർ അറിയിച്ചു.