കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകളില്ല : ചുമതലയേറ്റ് പ്രൈമറി സ്കൂൾ മുഖ്യാധ്യാപകരുടെ കൂട്ടായ്മ
1459336
Sunday, October 6, 2024 6:55 AM IST
പിലിക്കോട്: ചെറുവത്തൂർ ഉപജില്ലാ കലോത്സവം ഏറ്റെടുക്കാൻ സ്കൂളുകൾ തയാറാവാതെ വന്നതോടെ ചുമതലയേറ്റ് പ്രൈമറി സ്കൂൾ മുഖ്യാധ്യാപകരുടെ കൂട്ടായ്മ. 25 മുതൽ 30 വരെ ചന്തേര ഗവ. യുപി സ്കൂളിലും ഐഐഎൽപി സ്കൂളിലും കാലിക്കടവ് മൈതാനിയിലും ഉ ൾപ്പെടെയുള്ള വിവിധ വേദികളിലാണ് കലോത്സവം നടക്കുക.
ഭാരിച്ച സാമ്പത്തിക ചെലവുകളും സംഘാടനത്തിലെ നൂലാമാലകളും കാരണമാണ് വിദ്യാലയങ്ങൾ കലോത്സവത്തോട് വിമുഖത കാട്ടിയത്. 25, 26 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും 28 മുതൽ 30 വരെ സ്റ്റേജിനങ്ങളുമാണ് നടത്തുക.
ചന്തേര സ്കൂൾ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, അംഗം എം.വി. സുജാത, പഞ്ചായത്ത് അംഗങ്ങളായ വി.വി. സുലോചന, കെ. നവീൻബാബു, പി. രേഷ്ണ, പി. ഭജിത്, ബിപിസി എം. സുനിൽകുമാർ, ഡോ.വി. പ്രസന്ന, എം.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.