കാരുണ്യയാത്രയുടെ പേരിൽ തട്ടിപ്പ്; നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു
1458454
Wednesday, October 2, 2024 8:08 AM IST
കരിന്തളം: കാരുണ്യയാത്രയുടെ പേരിലുള്ള തട്ടിപ്പ് നാട്ടുകാര്‍ പിടികൂടി. പട്ടാമ്പി സ്വദേശി രവി എന്ന ആള്‍ക്ക് വേണ്ടി ജീപ്പില്‍ മൂന്നുപേര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതലാണ് കാരുണ്യയാത്രയുമായി ഇറങ്ങിയത്.
വെള്ളരിക്കുണ്ട്, മാലോം, പരപ്പ ബിരിക്കുളം എന്നിവിടങ്ങളില്‍ യാത്ര നടത്തിയ ശേഷം കാട്ടിപ്പൊയിലില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി. ജീപ്പിന്റെ സൈഡില്‍ കെട്ടിയ ഫ്ലക്സിൽ ഉണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ ആ നാട്ടില്‍ അങ്ങനെ ഒരു സംഭവമില്ലെന്നും ഇതു തട്ടിപ്പാണെന്നും പറഞ്ഞു.
അപ്പോഴേക്കും അവിടുന്ന് ജീപ്പ് എടുത്ത് അവര്‍ കടന്നുകളഞ്ഞു. നെല്ലിയടുക്കത്ത് ആള്‍ക്കാരെ ഫോണില്‍ വിളിച്ചു ജീപ്പ് തടയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീപ്പ് തടയുകയും ചോദ്യം ചെയ്തപ്പോള്‍ ഒരാള്‍ ഇറങ്ങി ഓടുകയും ചെയ്തു. രണ്ടുപേരെ നീലേശ്വരം പോലീസില്‍ ഏല്പിച്ചു. ഒരു ദിവസം 20,000 മുതല്‍ 30,000 വരെ രൂപ കളക്ഷന്‍ ലഭിക്കുമെന്ന് ഇവര്‍ നാട്ടുകാരോട് പറഞ്ഞു.