വലിയപറമ്പിൽ മത്തിക്കൂട്ടം കരയ്ക്കടിയുന്നു
1457654
Monday, September 30, 2024 1:41 AM IST
വലിയപറമ്പ്: കടലിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ സൂചനയെന്ന പോലെ വലിയപറമ്പ് പഞ്ചായത്തിലെ വിവിധ തീരങ്ങളിൽ മത്തികൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. കന്നുവീട് കടപ്പുറത്തെ ഗവ. ഫിഷറീസ് യുപി സ്കൂളിന് പടിഞ്ഞാറു ഭാഗത്തും തൃക്കരിപ്പൂർ കടപ്പുറം തൊണ്ടച്ചൻ ദേവസ്ഥാനത്തിന് സമീപവും കവ്വായി കടപ്പുറത്തുമായാണ് മത്തിക്കൂട്ടം കരയ്ക്കടിഞ്ഞത്.
തീരക്കടലിൽ ബോട്ടുകളുടെ ശബ്ദം കേട്ടും മറ്റും കരയോട് ചേർന്ന ഭാഗങ്ങളിലേക്ക് നീങ്ങുന്ന മത്തിക്കൂട്ടങ്ങൾ തിരയിൽപ്പെട്ട് കരയ്ക്കടിയാറുണ്ടെന്ന് തീരദേശവാസികൾ പറയുന്നു. എന്നാൽ ഇത്രയധികം മീനുകൾ ഒന്നിച്ച് കരയ്ക്കടിഞ്ഞതാണ് പ്രത്യേകതയാകുന്നത്.
മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന കടലറിവിന്റെ ബലത്തിൽ കരയ്ക്കടിഞ്ഞ മത്തിയിൽ ഭൂരിഭാഗവും ആളുകൾ വാരിയെടുത്തു. ദൂരസ്ഥലങ്ങളിൽ നിന്ന് കാഴ്ച കാണാനെത്തിയവരും സഞ്ചിയിൽ നിറയെ മത്തിയുമായാണ് മടങ്ങിയത്.