വാഴുന്നോറടിയിൽ നിന്ന് നീലേശ്വരത്തെത്താൻ ഈ വഴി
1452340
Wednesday, September 11, 2024 1:46 AM IST
നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗമാണെങ്കിലും മിക്ക ആവശ്യങ്ങൾക്കും നീലേശ്വരം ടൗണിനെ ആശ്രയിക്കുന്ന പ്രദേശങ്ങളാണ് വാഴുന്നോറടി, ഉപ്പിലിക്കൈ, മോനാച്ച തുടങ്ങിയവ. പക്ഷേ ഈ പ്രദേശങ്ങളെ നീലേശ്വരവുമായി ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ റോഡിൽ ഇപ്പോൾ അപകടക്കുഴികളുടെ നീണ്ട നിരയാണ്. മഴവെള്ളം കെട്ടിനിന്ന് കുഴികളുടെ ആഴവും കൂടി. കെഎസ്ആർടിസി ഉൾപ്പെടെ നിരവധി ബസുകൾ സർവീസ് നടത്തുന്ന റോഡാണ്.
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലേക്കും ആർടിഒ ടെസ്റ്റ് ഗ്രൗണടിലേക്കുമൊക്കെയുള്ള വാഹനങ്ങൾ പോകേണ്ടതും ഇതുവഴിയാണ്. ഈ റോഡിലൂടെ അപകടം കൂടാതെ വണ്ടിയോടിച്ചുകഴിഞ്ഞാൽ പിന്നെ റോഡ് ടെസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഡ്രൈവിംഗ് സ്കൂളുകാർ പഠിതാക്കളോട് പറയാറുണ്ട്. മഴയൊന്ന് മാറിനില്ക്കുമ്പോൾ കുഴികളെങ്കിലും നികത്തുമോയെന്ന നാട്ടുകാരുടെ ആവശ്യത്തിൽ ഇനിയും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.