കുഴികൾക്കിടയിൽ വഴി തേടി...!
1451815
Monday, September 9, 2024 1:10 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് 13-ാം വാർഡിലെ കൊല്ലാട പാലം റോഡ് ടാറിംഗ് ഇളകി പാടേ തകർന്നു. 2016 ൽ കൊല്ലാട പാലം തുറന്നതിനൊപ്പമാണ് പാടിയോട്ടുചാലിൽ നിന്ന് കൊല്ലാടയിലേക്കുള്ള രണ്ടര കിലോമീറ്റർ റോഡ് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചത്. അതിനുശേഷം എട്ടുവർഷമായി അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല.
അവിടവിടെ ഇളകിത്തുടങ്ങിയിരുന്ന ടാറിംഗ് ഇപ്പോൾ പാടേ ഇളകി. ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന 700 മീറ്റർ ഭാഗം പാടേ തകർന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് ഇത് പതിവായി അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഈ റോഡിന് ആറുലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക തടസങ്ങളുടെ പേരിൽ പണി തുടങ്ങാനായിരുന്നില്ല. ഈ വർഷം പഞ്ചായത്ത് 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും നവംബർ മാസത്തോടെ പണി തുടങ്ങാനാകുമെന്നും പഞ്ചായത്തംഗം പി.വി. സതീദേവി പറഞ്ഞു. ഇനിയും സാങ്കേതിക തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ കാത്തിരിക്കുന്നത്.
കാഞ്ഞങ്ങാട്: ദേശീയപാതയിൽ നിന്ന് മടിക്കൈ ഭാഗത്തേക്കുള്ള പ്രവേശന കവാടമാണ് കല്യാൺ റോഡ് ജംഗ്ഷൻ.
ദേശീയപാതയുടെ ഓവുചാൽ നിർമാണത്തിനായി ഇവിടെ റോഡ് അല്പം വഴിതിരിച്ചു വിട്ടതാണ്. എന്നാൽ വഴിതിരിച്ചുവിട്ട ഭാഗത്ത് ഇപ്പോൾ കുഴികളല്ലാതെ റോഡൊന്നും ഇല്ലാത്ത നിലയായി.
കുഴികളിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുന്ന വിദ്യയൊന്നും ഇവിടെ നടക്കില്ല. ഒരു കുഴിയിൽ നിന്ന് കയറിയാൽ ടയർ നേരെ ചെന്നുവീഴുന്നത് അടുത്ത കുഴിയിലേക്കാണ്. ഓരോ കുഴിയുടെയും ആഴത്തിന്റെ വ്യത്യാസമനുസരിച്ച് വാഹനം ആടിയുലഞ്ഞുകൊണ്ടിരിക്കും.
ഇരുചക്രവാഹനമാണെങ്കിൽ പറയുകയേ വേണ്ട. കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്കേറ്റിരുന്നു. ദേശീയപാതയോടു ചേർന്ന ഭാഗത്ത് ദേശീയപാതയുടെ പണിയുമായി ബന്ധപ്പെട്ട് ഇത്രയധികം കുഴികൾ രൂപപ്പെട്ടതു കാണുമ്പോൾ അതൊന്നു നികത്താനുള്ള ഉത്തരവാദിത്വമെങ്കിലും ദേശീയപാത അധികൃതർക്കില്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.