സ്പെഷല്‍ സ്കൂള്‍ ഗ്രാന്റ് ലഭ്യമാക്കണം
1450649
Thursday, September 5, 2024 12:59 AM IST
കാഞ്ഞങ്ങാട്: ബുദ്ധിന്യൂനത നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കിവരുന്ന സ്പെഷല്‍ സ്കൂളുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പാക്കേജും ഗ്രാന്റും കിടപ്പ് രോഗികളായവരെ പരിചരിക്കുന്ന അമ്മമാര്‍ക്കുള്ള ആശ്വാസ കിരണ്‍ പദ്ധതി ആനുകൂല്യങ്ങളും എത്രയും വേഗം ലഭ്യമാക്കണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ പെയ്ഡിന്റെയും മാനേജ്മെന്റ് സംഘടനാ പ്രതിനിധികളുടെയും സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും യോഗം ആവശ്യപ്പെട്ടു.
സ്പെഷല്‍ സ്കൂള്‍ ഗ്രാന്റിനുള്ള ഈ വര്‍ഷത്തെ നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ആശ്വാസ കിരണ്‍ ആനുകൂല്യങ്ങള്‍ മാസങ്ങളായി മുടങ്ങിക്കിടക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് പല തവണകളായി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും, നടപടിയൊന്നുമായിട്ടില്ല.
സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് 11നു സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സൂചനാ ഉപവാസ സമരം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പെയ്ഡ് അംഗത്വ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മലയോര മേഖലയിലുള്ള സ്പെഷൽ സ്കൂളുകള്‍ക്കുള്ള അംഗത്വ പുസ്തകങ്ങള്‍ ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം കോ-ഓർഡിനേറ്റര്‍ സിസ്റ്റര്‍ ജിസ് മരിയക്ക് കൈമാറി.
സ്പെഷല്‍ സ്കൂള്‍ ജില്ലാ കലോത്സവം ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ആനന്ദാശ്രമം റോട്ടറി സ്പെഷല്‍ സ്കൂളില്‍ നടത്തും. പെയിഡ് ജില്ലാ കണ്വന്ഷന് ഒക്ടോബര്‍ അവസാനം നടത്താനും തീരുമാനിച്ചു.
ജനറല്‍ സെക്രട്ടറി സുബൈര്‍ നീലേശ്വരം, സംസ്ഥാന കമ്മിറ്റിയംഗം എ.ടി. ജേക്കബ്, പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ദയ, സിസ്റ്റര്‍ സൗമ്യ ആന്റണി, സിസ്റ്റര്‍ ഷൈനി, കെ. രഞ്ജിത, ബീന സുകു, പി. പ്രീതി, പി. ശ്രീജ, സിസ്റ്റര്‍ അനറ്റ് എന്നിവര്‍ പ്രസംഗിച്ചു.