ജോയന്റെ ചികിത്സയ്ക്ക് ബിരിയാണി ചലഞ്ചുമായി നാടൊന്നിക്കുന്നു
1444026
Sunday, August 11, 2024 6:59 AM IST
മാലോം: വള്ളിക്കടവിലെ ജോയന് കരൾ പകുത്ത് നൽകാൻ മകനൊരുങ്ങുമ്പോൾ ചികിത്സാസഹായമെത്തിക്കാൻ ബിരിയാണി ചലഞ്ചുമായി നാടാകെ ഒന്നിക്കുന്നു. ജോയന്റെ
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ പതിനായിരത്തിലേറെ പേരെ ഉൾപ്പെടുത്തിയുള്ള മെഗാ ബിരിയാണി ചലഞ്ചിനുള്ള തയാറെടുപ്പുകളാണ് വള്ളിക്കടവിൽ നടക്കുന്നത്.
ചലഞ്ചിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബിരിയാണി വീട്ടിലെത്തിച്ച് നൽകും. ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് പ്രധാനമായും ഓർഡറുകൾ ലഭിക്കുന്നത്. ഇതിനായി 35 ക്വിന്റൽ കോഴി, 16 ക്വിന്റൽ അരി, ഏഴ് ക്വിന്റൽ സവോള, 300 ലിറ്റർ വെളിച്ചെണ്ണ, നൂറോളം ചെമ്പുകൾ, നാല് ലോഡ് വിറക്, 16 അടുപ്പുകൾ എന്നിവയാണ് ഒരുക്കുന്നത്.
വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുമായി സ്ത്രീപുരുഷ ഭേദമന്യേ അഞ്ഞൂറിലേറെ ആളുകളാണ് അണിയറയിലുള്ളത്. സ്നേഹത്തിന്റെ കൂട്ടായ്മയ്ക്ക് ആതിഥ്യമരുളുന്നത് വള്ളിക്കടവ് സെന്റ് ജോർജ് പള്ളി മുറ്റമാണ്.