ജില്ലയിൽ മത്സ്യമേഖല ഉണരുന്നു
1440451
Tuesday, July 30, 2024 2:02 AM IST
കാഞ്ഞങ്ങാട്: ഈ വർഷത്തെ ട്രോളിംഗ് നിരോധനക്കാലം നാളെ അർധരാത്രിയോടെ അവസാനിക്കുമ്പോൾ പുതിയ സീസണിന്റെ പ്രതീക്ഷകളുമായി മത്സ്യമേഖല ഉണരുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾക്ക് കടലിലിറങ്ങാം. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികൾ തീർത്ത് ഉടമകൾ തയാറെടുക്കുമ്പോൾ ഇതര സംസ്ഥാനക്കാരടക്കമുള്ള തൊഴിലാളികളും പ്രതീക്ഷയിലാണ്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ മഴ ലഭിച്ചതിനാൽ മത്സ്യലഭ്യത കൂടുമെന്നാണ് തൊഴിലാളികളുടെ നാട്ടറിവ്. കഴിഞ്ഞദിവസങ്ങളിൽ കടലിലിറങ്ങിയ വള്ളക്കാർക്ക് ചെമ്മീൻ ചാകര ലഭിച്ചതിലാണ് ബോട്ടുകാരുടെ പ്രതീക്ഷ. അയലയും മത്തിയുമടക്കമുള്ള പരമ്പരാഗത മീനുകളും മുൻവർഷത്തേക്കാൾ കൂടുതലായി കിട്ടുമെന്നാണ് പ്രതീക്ഷ. ബോട്ടുകൾ കടലിലിറങ്ങുന്നതോടെ തുറമുഖങ്ങളും സജീവമാകും. ഇതോടെ അനുബന്ധമേഖലകളിൽ ജോലിചെയ്യുന്നവർക്കും ചാകരക്കാലമാകും.
ലഭ്യത കൂടുന്നതോടെ മത്സ്യവിലയിൽ അല്പമെങ്കിലും കുറവുണ്ടാകുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ.
യന്ത്രവത്കൃത ബോട്ടുകൾ തീരക്കടലിൽ നിന്ന് മീൻ പിടിക്കുന്നത് കർശനമായി തടയുമെന്ന് മത്സ്യബന്ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. തീരത്തുനിന്ന് നിശ്ചിത അകലത്തിലുള്ള ആഴക്കടലിൽ നിന്നു മാത്രമാണ് ഇവർക്ക് മീൻപിടിക്കാൻ അനുമതിയുള്ളത്.