ഹെലന് സിബിക്ക് നിംസ് സ്കോളര്‍ഷിപ്പ്
1437406
Saturday, July 20, 2024 1:14 AM IST
കാഞ്ഞങ്ങാട്: ജപ്പാനിലെ ഏറ്റവും വലിയ ശാസ്ത്ര ഗവേഷണകേന്ദ്രങ്ങളിലൊന്നായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റീരിയല്‍ സയന്‍സില്‍ (നിംസ്) സ്കോളര്‍ഷിപ്പോടെ ഗവേഷണം നടത്താന്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശിനി ഹെലന് സിബി. പ്രതിമാസം രണ്ടുലക്ഷം ജാപ്പനീസ് യെന്‍ എന്ന തോതില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ കാലയളവില്‍ 72 ലക്ഷം യെന്‍ (ഏകദശ 38.31 ലക്ഷം ഇന്ത്യന്‍ രൂപ) സ്കോളര്‍ഷിപ്പ് ലഭിക്കും.
നിലവില്‍ നിംസിലെ ടെക്നിക്കല്‍ അസിസ്റ്റന്റാണ് ഹെലന്. വയനാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെലന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നിന്നും ഫിസിക്സില്‍ ബിരുദവും വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
മദ്രാസ് ഐഐടിയില്‍ പ്രോജക്ട് ചെയ്യാന്‍ അവസരം ലഭിച്ചത് നിംസിലേക്കുള്ള വഴിതുറന്നുനല്കി.
സിനിമാനടനും കാസര്‍ഗോഡ് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ സിബി തോമസിന്റെയും എലിസബത്ത് ജേക്കബിന്റെയും മകളാണ്.