ജെറാൾഡിന്റെ കുഞ്ഞുകുളത്തിൽ ഗൗരാമിയുടെ പെരുമ
1435297
Friday, July 12, 2024 1:46 AM IST
പാലാവയൽ: പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി ജെറാൾഡ് ഷിന്റോയുടെ വീട്ടുമുറ്റത്തെ കുഞ്ഞുകുളത്തിൽ ഇപ്പോൾ ഗൗരാമി മത്സ്യങ്ങളുടെ പെരുമയാണ്. മൂന്നുവർഷംകൊണ്ട് മൂന്നരക്കിലോ വരെ തൂക്കംവച്ച ജയിന്റ് ഗൗരാമികൾ ഇവിടെയുണ്ട്. ഇവയെ ഒന്നുകൂടി വലിയ കുളത്തിലേക്ക് മാറ്റി ബ്രീഡിംഗ് നടത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നാടെങ്ങും പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ജെറാൾഡിന്റെ സ്വപ്നം.
പാലാവയലിലെ ഷിന്റോ കാവുകാട്ടിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് അംഗം തേജസ് ഷിന്റോയുടെയും മകനായ ജെറാൾഡിന് കഴിഞ്ഞ ദിവസം ലോക മത്സ്യദിനത്തിന്റെ ഭാഗമായി ജയിന്റ് ഗൗരാമി ഗ്രൂപ്പ് ട്രസ്റ്റിന്റെ ഗൗരശ്രീ അവാർഡ് ലഭിച്ചിരുന്നു.
അമ്മ തേജസിന്റെ ബളാലിലെ കുടുംബവീട്ടിൽനിന്നാണ് ജെറാൾഡ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. തേജസിന്റെ അച്ഛൻ അച്ചൻകുഞ്ഞ് തോമസിന് കാഞ്ഞങ്ങാട്-പരപ്പ ബ്ലോക്കുകളിൽ നിന്ന് മികച്ച ശുദ്ധജല മത്സ്യകൃഷിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും കഴിഞ്ഞദിവസം ലഭിച്ചിരുന്നു.
രാവിലെയും വൈകിട്ടും ഇട്ടുകൊടുക്കുന്ന ചേമ്പിലയും അസോളയുമാണ് ജെറാൾഡിന്റെ ഗൗരാമി മത്സ്യങ്ങളുടെ പ്രധാന ഭക്ഷണം. മത്സ്യങ്ങളെ പരിപാലിക്കുന്നതിൽ കട്ട സപ്പോർട്ടുമായി ആറാം ക്ലാസിൽ പഠിക്കുന്ന അനുജത്തി അന്ന റോസുമുണ്ട്.