പ്രമേഹത്തെ ചെറുക്കാൻ ചെറുധാന്യങ്ങൾ: സെമിനാർ നടത്തി
1429847
Monday, June 17, 2024 12:58 AM IST
കൊന്നക്കാട്: സ്വന്തം ശരീരത്തിനു മേലുള്ള അവകാശം ആരോഗ്യ വ്യവസായത്തിന് അടിയറ വയ്ക്കാതിരിക്കാനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാകണമെന്ന് പത്രപ്രവർത്തകൻ നെമി ജോർജ് അഭിപ്രായപ്പെട്ടു. പ്രമേഹത്തെ ചെറുക്കാൻ ചെറു ധാന്യങ്ങൾ എന്ന വിഷയത്തിൽ കൊന്നക്കാട് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുന്നതിനെ ചാകരയായി കാണുന്ന ആരോഗ്യ വ്യവസായത്തിന്റെ താത്പര്യങ്ങളെ കരുതിയിരിക്കണം. ഭക്ഷണത്തിലും ജീവിതശൈലികളിലും വരുത്തുന്ന തിരുത്തലുകളിലൂടെ മിക്ക ജീവിതശൈലി രോഗങ്ങളെയും മറികടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ചെറുധാന്യങ്ങളുടെ ഉപയോഗവും മതിയായ വ്യായാമവും വഴി പ്രമേഹരോഗത്തെ മറികടക്കാനായ സ്വന്തം അനുഭവവും അദ്ദേഹം വിശദീകരിച്ചു.
ആത്മ കാസർഗോഡ്, ബളാൽ കൃഷിഭവൻ, കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ് എന്നിവ ചേർന്ന് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് അംഗം പി.സി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
വി.ആർ.ജയകുമാർ അധ്യക്ഷത വഹിച്ചു. റിജിൽ റോയി, ഇ.കെ.ഷിനോജ് എന്നിവർ പ്രസംഗിച്ചു. ചാമ, തിന, റാഗി, കൂവരക്, കവടപ്പുല്ല്, ബജ്റ, ചോളം തുടങ്ങിയ ചെറുധാന്യങ്ങളുടെയും ഇവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഇതോടൊപ്പം നടന്നു.