കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം: മന്ത്രി ശശീന്ദ്രന്
1575017
Saturday, July 12, 2025 2:31 AM IST
കാസര്‍ഗോഡ്: കാടിനു പുറത്ത് കൃഷിനാശവും മനുഷ്യര്‍ക്ക് അപകടമുണ്ടാക്കുന്നതും ഉള്‍പ്പെടെയുള്ള കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ജില്ലയിലെ വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമുള്ള സാമ്പത്തികസഹായം സംസ്ഥാന ദുരന്തനിവാരണനിധിയില്‍ നിന്നു നല്‍കും.
കാട്ടുപന്നിയെ കൊല്ലുന്നതിനായി ചുമതലപ്പെടുത്തിയ ലൈസന്‍സ് ഷൂട്ടര്‍ക്ക് പ്രതിഫലം നല്‍കുന്നതിനും കാട്ടുപന്നിയെ മറവുചെയ്യുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. കാട്ടുപന്നികളെ വെടിവക്കുന്നതിനായി നിയോഗിക്കാവുന്ന അംഗീകൃത ഷൂട്ടര്‍മാരുടെ പുതുക്കിയ ലിസ്റ്റ് നിലവിലുണ്ട്. ഈ ലിസ്റ്റ് എല്ലാ പഞ്ചായത്തുകള്‍ക്കും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതു വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളതുമാണ്.
ജില്ലയില്‍ കൂടുതല്‍ മരണങ്ങള് സംഭവിച്ചിട്ടുള്ളത് പാമ്പുകടിയേറ്റ് ആണ് ജില്ലയിലെ എല്ലാ ആശുപത്രികളിലും ആന്റിസ്നേക്ക് വെനത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ രണ്ടു റേഞ്ചുകളിലായി 122 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമുണ്ട്. ഇതില്‍ 700 ഹെക്ടറോളം പ്ലാന്റേഷന് ആണ്. ആള്‍ത്താമസമില്ലാത്ത സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങള്‍ കാടുമുടി കിടക്കുന്നതിനാല്‍ ഇവിടെ പുലികള്‍, കാട്ടുപോത്ത്, കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള സസ്തനികള്‍ക്ക് ആവാസവ്യവസ്ഥയും ഒളിത്താവളവുമായി മാറുന്നുണ്ട്. ഈ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
വനങ്ങള്‍ പോലെ കാടുമുടി കിടക്കുന്ന സ്വകാര്യസ്ഥലങ്ങള്‍ ഉടന്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് അടിയന്തര നോട്ടീസ് നല്കാന് മന്ത്രി നിര്‍ദേശം നല്കി.മുളിയാര്‍, കാറഡുക്ക വനമേഖലകളില്‍ വ്യാപകമായിട്ടുള്ളഅക്കേഷ്യ തൈകളും അടിക്കാടുകളും നിര്‍മാര്‍ജനം ചെയ്യുന്നതിനും ബളാല്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ വനമേഖലകളില്‍ വ്യാപകമായി കാണുന്ന തോട്ടപ്പയര്‍ മറ്റ് അധിനിവേശ സസ്യങ്ങള്‍ എന്നിവ ഇല്ലായ്മ ചെയ്ത് അവിടങ്ങളില്‍ തദ്ദേശീയ സസ്യ ഇനങ്ങളും ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കുന്നതിനും യോഗത്തില്‍ നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, കാസര്‍ഗോഡ് ടിഡിഒ കെ.കെ. മോഹന്‍ദാസ്, എല്‍എസ്ജിഡി ഡിഡി കെ.വി. ഹരിദാസ്, ജില്ലാ എസ്സി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി. മിനി, കൃഷിവകുപ്പ് ഡിഡി മിനി മാമന്, മൃഗസംരക്ഷണ വകുപ്പ് ഡിഡി ഇന്‍ ചാര്‍ജ് ഡോ.പി. ഷൈജി, ഡിഎംഒ പ്രതിനിധി ഡോ. ബേസില്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
സമിതി കണ്‍വീനര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 57 പേര്
കാസര്‍ഗോഡ് ഡിവിഷന് രൂപീകരിച്ചത് മുതല്‍ 2024-25 വര്‍ഷം വരെ ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ 57 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കാട്ടാന ആക്രമത്തില്‍ ഒരാളും കാട്ടുപന്നി ആക്രമത്തില്‍ ഏഴുപേരും പാമ്പ് കടിച്ച് 39 പേരും തേനീച്ചയും കടന്നലും കുത്തി 10 പേരുമാണ് മരിച്ചത്.
നിലവില്‍ നഷ്ടപരിഹാരത്തിന്റെ ഒന്നാം ഗഡു മഴുവന്‍ പേര്‍ക്കും നല്കി കഴിഞ്ഞു. കൃത്യമായ രേഖകള്‍ സമര്‍പ്പിച്ച മുഴുന്‍ ആളുകള്‍ക്കും രണ്ടാം ഗഡു നഷ്ടപരിഹാരവും നല്കി.
അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത മൂന്നുപേര്‍ക്ക് മാത്രമാണ് കുടിശിക നല്കാന് ബാക്കിയുള്ളത്.
2024-25 വര്‍ഷം മാത്രം അപേക്ഷ നല്കിയ 333 പേര്‍ക്കായി 51 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി.
ജീവന് നഷ്ടമായ ഏഴുപേര്‍ക്ക് 10 ലക്ഷം രൂപയും പരുക്കേറ്റ 46 പേര്‍ക്ക് 14.23 ലക്ഷം രൂപയും വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ ഏഴ് അപേക്ഷകര്‍ക്ക് 80,000 രൂപയും വിളനാശം സംഭവിച്ച 273 അപേക്ഷകര്‍ക്ക് 25.96 ലക്ഷം രൂപയും നഷ്ട പരിഹാരമായി നല്കി.