പാഠം ഒന്ന് അധ്യാപക അഭിമുഖം
1424726
Saturday, May 25, 2024 1:32 AM IST
കാസർഗോഡ്: സ്കൂളുകൾ തുറക്കാൻ ഇനി പത്തുദിവസം. ജില്ലയിലെമ്പാടുമുള്ള സ്കൂളുകളിൽ നിന്ന് ആദ്യം വരുന്ന അറിയിപ്പ് അധ്യാപക അഭിമുഖങ്ങളുടേതാണ്. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ ഒഴിവുകൾ.
പിജിയും ബിഎഡും ഡിഎഡുമെല്ലാം പഠിച്ചിറങ്ങിയവർ ഓരോ ദിവസവും പത്രമെടുത്ത് അടുത്ത ദിവസങ്ങളിൽ ഏതൊക്കെ സ്കൂളുകളിലാണ് ഇന്റർവ്യൂ ഉള്ളതെന്നു നോക്കും. വിവരങ്ങൾ കൂട്ടുകാരുമായി വാട്സാപ്പിൽ പങ്കുവയ്ക്കും. ഇനി ജൂൺ തീരാറാകുന്നതുവരെ അഭിമുഖക്കാലമാണ്.
കഴിഞ്ഞ ഏതാനും വർഷമായി ഇതുതന്നെയാണ് പതിവ്. താത്കാലിക അധ്യാപക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നടത്തണമെന്ന നിർദേശം എല്ലാ വർഷവും വരാറുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.
അതത് സ്കൂളുകളിൽ തന്നെ അഭിമുഖം നടത്തി താത്കാലിക നിയമനങ്ങൾ നടത്തുമ്പോൾ ബന്ധുബലവും രാഷ്ട്രീയസ്വാധീനവുമൊക്കെ ഘടകങ്ങളാകാറുണ്ടെന്ന പരാതിയും ചിലപ്പോഴൊക്കെ ഉയർന്നുകേൾക്കുന്നുണ്ട്.
എന്നിരുന്നാലും കഷ്ടപ്പെട്ട് പിജിയും ബിഎഡുമൊക്കെ പഠിച്ചിറങ്ങി ജോലിക്ക് കാത്തിരിക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും ഇതുവഴി താത്കാലിക നിയമനങ്ങൾ കിട്ടുന്നുണ്ട്. ജില്ലയിൽ ഒഴിവുകളുടെ എണ്ണം അത്രയധികമുണ്ട് എന്നതാണ് വസ്തുത. അഭിമുഖത്തിനെത്തുന്നവരിലും നിയമനം കിട്ടുന്നവരിലും ബഹുഭൂരിപക്ഷവും പെൺകുട്ടികളാണെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനതലത്തിൽ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക കോടതിയിൽ കുടുങ്ങിക്കിടക്കുകയാണ്. അതിൽ കാസർഗോഡ് ജില്ലയിൽ നിന്നും മറ്റു ജില്ലകളിലേക്ക് പോകാനല്ലാതെ ഇങ്ങോട്ട് വരാനുള്ളവരുടെ എണ്ണം തുലോം കുറവാണ്. അതുകൊണ്ടുതന്നെ ഇനി സ്ഥലംമാറ്റം നടപ്പായിക്കഴിഞ്ഞാലും ജില്ലയിലെ ഒഴിവുകളുടെ എണ്ണം കൂടുകയേയുള്ളൂ.
അതിനൊപ്പം വിഎച്ച്എസ്ഇ അധ്യാപകരുടെ സ്ഥലംമാറ്റ പട്ടികയും വരാനുണ്ട്. ആദ്യഘട്ട അഭിമുഖങ്ങളിൽ നിയമനം ലഭിക്കാത്തവരും നിരാശപ്പെടേണ്ടതില്ലെന്നു ചുരുക്കം.
മികച്ച പഠനനിലവാരവും തുടർച്ചയുമൊക്കെ ഉറപ്പുവരുത്താൻ സ്ഥിരാധ്യാപകർ തന്നെ വേണമെന്നാണ് സങ്കല്പമെങ്കിലും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പലതും കാലങ്ങളായി നടന്നുപോകുന്നത് താത്കാലിക അധ്യാപകരെക്കൊണ്ടു മാത്രമാണ്. പലയിടങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥിരാധ്യാപകരേക്കാളും കൂടുതൽ താത്കാലിക അധ്യാപകരായിരിക്കും.
താത്കാലിക ജോലിയായതുകൊണ്ട് അവരവരുടെ മികവ് തെളിയിക്കാനുള്ള ആത്മാർഥതയും സമീപകാലത്ത് പഠിച്ചിറങ്ങിയതിന്റെ പുതുമോടിയും കുട്ടികളുമായി എളുപ്പത്തിൽ അടുക്കാനുള്ള കഴിവുംകൊണ്ട് സാമാന്യം നല്ലനിലയിൽ തന്നെ പ്രവർത്തിക്കാൻ ഇവർക്ക് കഴിയുന്നുണ്ടെന്നാണ് സ്ഥിരാധ്യാപകരുടെ സാക്ഷ്യം.
പ്രൈമറി വിഭാഗങ്ങളിൽ അടുത്തിടെ പുറത്തിറങ്ങിയ പിഎസ് സി റാങ്ക് പട്ടികയിൽനിന്ന് സ്ഥിരനിയമനങ്ങൾ നടന്നിട്ടുള്ളതിനാൽ ഇത്തവണ ഒഴിവുകളുടെ എണ്ണം സാമാന്യം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഹൈസ്കൂൾ വിഭാഗത്തിൽ പല വിഷയങ്ങളിലും ഇത്തവണയും ഒഴിവുകളുണ്ട്.
പതിവുപോലെ ജില്ലയുടെ വടക്കൻ മേഖലയിലും ഉൾപ്രദേശങ്ങളിലുമാണ് ഒഴിവുകൾ കൂടുതലുള്ളത്. ദൂരം കൂടുതലായതിനാൽ അഭിമുഖത്തിനുപോലും ആളെത്താത്ത അവസ്ഥയും ഇവിടെ ചിലയിടങ്ങളിലുണ്ട്. യാത്രാസൗകര്യത്തിന്റെ കുറവും കാട്ടാനശല്യവുമൊക്കെയുള്ള പാണ്ടി പോലുള്ള സ്ഥലങ്ങളിൽ ഈയൊരവസ്ഥയുണ്ട്.
ഉൾപ്രദേശങ്ങളിലെ സ്കൂളുകളിൽ അഭിമുഖങ്ങൾ നടക്കുമ്പോൾ അതുവഴിയുള്ള സ്വകാര്യ ബസുകൾക്കും അത് സന്തോഷദിനങ്ങളാണ്. ഉദ്യോഗാർഥികൾക്ക് യാത്രാസമയവും വഴിയുമെല്ലാം പറഞ്ഞുകൊടുക്കാൻ അവരും മുൻപന്തിയിലുണ്ടാകും.