നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ലക്ഷങ്ങളുടെ നഷ്ടം
1417493
Saturday, April 20, 2024 1:32 AM IST
ചിറ്റാരിക്കാൽ: ചെറുപുഴ റോഡിലെ വീൽ അലൈൻമെന്റ് സ്ഥാപനത്തിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറി. വീൽ അലൈൻമെന്റ് മെഷീനും കമ്പ്യൂട്ടറുകളുമടക്കം വിലപിടിപ്പുള്ള ഉപകരണങ്ങൾക്കും കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു.
സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാർ ഓടിമാറിയതിനാൽ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നഗരൂർ ഷിബു മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഹോളി മരിയ ത്രീഡി വീൽ അലൈൻമെന്റ് സ്ഥാപനത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറോടെയോടെയാണ് അപകടമുണ്ടായത്.
തൊട്ടടുത്ത് ഇതേ സ്ഥാപനത്തിനു കീഴിലുള്ള പുക പരിശോധന കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കു കൊണ്ടുവന്ന കാറാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട കാർ സ്ഥാപനത്തിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. അഞ്ചുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ഉപകരണ സാമഗ്രികൾക്കാണ് നാശം സംഭവിച്ചത്. കെട്ടിടത്തിന്റെ നാലു ചുവരുകൾക്കും വിള്ളലുണ്ടായി.
ആകെ 12 ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉടമ ഷിബു മാത്യു പറഞ്ഞു. കാർ ഓടിച്ചിരുന്ന മാത്യു തകിടിപ്പുറത്തി(62) ന്റെ പേരിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.