ജോസഫ് കനകമൊട്ടയുടെ പ്രതിമ അനാച്ഛാദനം നാളെ
1396258
Thursday, February 29, 2024 2:46 AM IST
രാജപുരം: മലയോര ഹൈവേ, കാഞ്ഞങ്ങാട്-ചെന്നൈ -ബംഗളൂരു ദേശീയപാത, ഗോകര്‍ണം-കന്യാകുമാരി ടൂറിസ്റ്റ് ഹൈവേ തുടങ്ങിയ നിരവധി പദ്ധതികളുടെ ഉപജ്ഞാതാവും തന്റെ മരണം വരെ ഈ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത മലയോരത്തിന്റെ വികസന നായകന് ജോസഫ് കനമൊട്ടയുടെ പ്രതിമ അനാച്ഛാദനം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ നാളെ ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരിക്കും. കാസര്‍ഗോഡ് ജില്ല മലയോര വികസനസമിതിയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സ്മാരക നിര്മാണകമ്മിറ്റിയാണ് സ്മാരകം ഒരുക്കുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന കോളിച്ചാല്‍-മാലോം റീച്ചില്‍ പതിനെട്ടാംമൈലില്‍ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചുകൊടുത്ത സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുന്നത്. മൂന്നരലക്ഷത്തോളം രൂപയാണ് ആകെ ചെലവായത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള് ചെയ്ത് ശ്രദ്ധേയനായ ശില്പി ചിത്രന് കുഞ്ഞിമംഗലം ആണ് പ്രതിമ തയാറാക്കിയത്. ആറടി ഉയരം വരുന്ന ശില്പം വെങ്കല നിറത്തില്‍ ഫൈബറിലാണ് പൂര്‍ത്തിയാക്കുന്നത്. ജുബ്ബയും പാന്റ്സും ധരിച്ച് ഫയലും പിടിച്ച് സ്വതസിദ്ധമായ രീതിയില്‍ ആണ് ശില്പ രൂപം. കുടുംബാംഗങ്ങളും അധികൃതരും ശില്പ നിര്‍മാണം കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കെ.വി. കിഷോര്‍, കെ. ചിത്ര, സുദര്ശന് എന്നിവര്‍ ശില്പനിര്മാണത്തില് സഹായികളായി.
പത്രസമ്മേളനത്തില്‍ ചെയര്മാന് ടി.കെ. നാരായണന്, ജനറല്‍ കണ്‍വീനര്‍ സന്തോഷ് കനകമൊട്ട, കാസര്‍ഗോഡ് മലയോര വികസന സമിതി പ്രസിഡന്റ് എം.യു. തോമസ്, ആര്. സൂര്യനാരായണഭട്ട്, ജോളി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.