തെങ്ങിൻതൈകൾ കൃഷിഭവനുകളിൽ കരിഞ്ഞുണങ്ങുന്നു
1396029
Wednesday, February 28, 2024 1:34 AM IST
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ നാളികേര വികസനപദ്ധതിക്ക് വഴിമുട്ടുന്നു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സബ്സിഡി അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനായി കൃഷിഭവനുകളിലെത്തിച്ച തെങ്ങിൻതൈകൾ കൊടുംവേനലിൽ കരിഞ്ഞുണങ്ങുകയാണ്. മഴക്കാലം ഏതാണ്ട് കഴിയാറായപ്പോൾ മാത്രമാണ് ഇവ വിതരണത്തിനെത്തിയിരുന്നത്. സങ്കരയിനം തെങ്ങിൻതൈകൾക്ക് പഴയ ഗുണനിലവാരമില്ലെന്ന പരാതി കർഷകർക്ക് വ്യാപകമായുണ്ട്. ഇതോടൊപ്പം തേങ്ങയുടെ വിലയിടിവും ദീർഘകാല കൃഷികളോടുള്ള പ്രിയം കുറഞ്ഞതുമെല്ലാം ചേർന്നാണ് വാങ്ങാനാളില്ലാതെ തെങ്ങിൻതൈകൾ കെട്ടിക്കിടക്കാനിടയാക്കിയത്.
ജില്ലയിലെ വിവിധ കൃഷിഭവനുകളിലേക്കായി ഡബ്ല്യുസിടി തെങ്ങിൻതൈകൾ 29375 എണ്ണവും ഹൈബ്രിഡ് തൈകൾ 37000 എണ്ണവുമാണ് ഇത്തവണ വിതരണത്തിനെത്തിച്ചത്.250 രൂപ വിലയുള്ള ഹൈബ്രിഡ് തൈകൾ 125 രൂപയ്ക്കും 100 രൂപയുള്ള ഡബ്ല്യുസിടി തൈകൾ 50 രൂപയ്ക്കുമാണു വില്പന നടത്തുന്നത്. എന്നാൽ മിക്ക കൃഷിഭവനുകളിലും എത്തിച്ചവയിൽ പകുതി പോലും വില്പന നടത്താനായിട്ടില്ല.
മതിയായ ഗുണനിലവാര പരിശോധന പോലും നടത്താതെയാണ് ഹൈബ്രിഡ് തൈകൾ വിതരണത്തിനെത്തിക്കുന്നതെന്നാണ് കർഷകരുടെ ആക്ഷേപം. ഇവയ്ക്ക് പ്രതിരോധശേഷി തീരെ കുറവാണെന്ന പരാതി പരക്കേയുണ്ട്. നന്നായി തഴച്ചുവളരുകയും കായ്ച്ചുതുടങ്ങുകയും ചെയ്ത തെങ്ങുകൾ പോലും പെട്ടെന്ന് മണ്ടമറിഞ്ഞു വീഴുന്നത് കർഷകർക്ക് കടുത്ത നിരാശയാകാറുണ്ട്.
പടന്നക്കാട്, പിലിക്കോട് എന്നിവിടങ്ങളിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽനിന്നാണ് ജില്ലയിലെ കൃഷിഭവനുകളിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനുള്ള തെങ്ങിൻതൈകൾ എത്തിച്ചത്. ഏതാനും വർഷം മുമ്പു വരെ ഈ സ്ഥലങ്ങളിൽ നിന്ന് തെങ്ങിൻതൈകൾ കിട്ടുന്നതിനായി ആളുകൾ മുൻകൂട്ടി അപേക്ഷ നല്കി കാത്തിരിക്കുകയും അതിരാവിലെ ചെന്ന് വരിനില്ക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.
ഇപ്പോൾ ഓരോ കൃഷിഭവനുകളിലും ബാക്കിയുള്ളതും നശിച്ചതുമായ തൈകളുടെ വില അതതു കൃഷിഭവനുകളിലെ ജീവനക്കാരുടെ കൈയിൽനിന്ന് ഈടാക്കാനാണ് കൃഷിവകുപ്പിന്റെ നിർദേശം. ഇത് ജീവനക്കാർക്കും കടുത്ത സാമ്പത്തികബാധ്യതയുണ്ടാക്കുന്നു. ഇതൊഴിവാക്കുന്നതിനായി പലയിടങ്ങളിലും മറ്റാവശ്യങ്ങൾക്കായി കൃഷിഭവനുകളിലെത്തുന്നവരെക്കൊണ്ട് തെങ്ങിൻതൈകൾ നിർബന്ധിച്ച് വാങ്ങിപ്പിക്കുന്നതായും പരാതിയുണ്ട്.
കാലംതെറ്റി വിതരണത്തിനെത്തിയ മാവിൻതൈകളും മറ്റ് ഫലവൃക്ഷങ്ങളുടെ തൈകളുമെല്ലാം പലയിടത്തും ഇങ്ങനെ വാങ്ങിപ്പിക്കുന്നുണ്ട്. കൃഷിഭവനിലെ ജീവനക്കാർക്ക് സാമ്പത്തിക ബാധ്യത ഒഴിവായെങ്കിലും മിക്കവാറും വാങ്ങുന്നവരുടെ വീട്ടിൽകിടന്ന് നശിക്കാനാകും ഇവയുടെ വിധി.