ഓർമയ്ക്കായി പൂന്തോട്ടമൊരുക്കി എസ്പിസി കേഡറ്റുകള്‍
1395438
Sunday, February 25, 2024 7:17 AM IST
പിലിക്കോട്: സേവനത്തിനിടയിൽ അക്രമിയുടെ കുത്തേറ്റുമരിച്ച യുവഡോക്ടർ വന്ദന ദാസിന്റെ ഓര്‍മയ്ക്ക് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പൂന്തോട്ടമൊരുക്കി എസ്പിസി കേഡറ്റുകള്‍. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പൂന്തോട്ടവും പാര്‍ക്കും നിര്‍മിച്ചത്.
എസ്പിസി സൂപ്പര്‍ സീനിയര്‍ കേഡറ്റ് വര്‍ഷയുടെ പിതാവ് പി. രമേശന്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ഗോപീകൃഷ്ണന്, സുജ, ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസർ ഡോ. രഞ്ജിത് എന്നിവരും പൂന്തോട്ട നിര്‍മാണത്തിന് നേതൃത്വം നല്കി. പാർക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് നിര്‍വഹിക്കും. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി വിശിഷ്ടാതിഥിയാകും.