ജില്ലയിലെ നാല് പുഴകളിൽനിന്ന് മണലെടുക്കാൻ അനുമതി നല്കും
1393989
Monday, February 19, 2024 5:45 AM IST
കാസർഗോഡ്: പുഴകളിൽ നിന്ന് മണലെടുക്കാൻ അനുമതി നല്കുന്നത് പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ നാല് പുഴകളിൽ ആവശ്യത്തിന് മണൽ ലഭ്യതയുണ്ടെന്ന് റിപ്പോർട്ട്. ചന്ദ്രഗിരി, ഉപ്പള, ഷിറിയ പുഴകളിൽ നിന്ന് തരിമണലും മൊഗ്രാൽ പുഴയിൽനിന്ന് ചരലും എടുക്കാവുന്നതാണെന്നാണ് പരിശോധനാസംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ജില്ലാതല സർവേ റിപ്പോർട്ടിൽ സ്റ്റേറ്റ് എൻവയോൺമെന്റ് അപ്രൈസൽ കമ്മിറ്റി (എസ്ഇഎസി)യുടെ പരിശോധന പൂർത്തിയായി. തുടർന്ന് സംസ്ഥാന പരിസ്ഥിതി ആഘാതനിർണയ സമിതിയുടെ അനുമതി കൂടി ലഭിച്ചാലുടൻ മണൽഖനനത്തിന് കടവുകളെ നിശ്ചയിച്ച് ലേലം നടത്താനാകും. ഇതിനുള്ള നടപടിക്രമങ്ങൾ സാമാന്യം വേഗതയിൽ തന്നെ പുരോഗമിക്കുകയാണ്. ഈ വേനൽക്കാലത്തുതന്നെ നാല് പുഴകളിൽ നിന്നും മണലെടുക്കാൻ തുടങ്ങുകയാണ് ലക്ഷ്യം.
സർക്കാർ അനുമതിയോടുകൂടി തന്നെ പുഴമണൽ ശേഖരണം തുടങ്ങുന്നതോടെ അനധികൃത മണൽകടത്ത് ഗണ്യമായി നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. നാലിടങ്ങളിലെ പരീക്ഷണം വിജയമായാൽ വരുംവർഷങ്ങളിൽ ജില്ലയിലെ മറ്റ് പുഴകളിലും മണൽവാരുന്നതിനുള്ള അനുമതി നല്കിയേക്കും.