നിർത്തിവച്ച കരിങ്കൽ ക്വാറിയുടെ പുനർപ്രവർത്തനത്തിന് അനുമതി നൽകരുത്: ജനകീയ സമിതി
1377000
Saturday, December 9, 2023 2:13 AM IST
കാക്കടവ്: ജനങ്ങൾക്കും പരിസരപ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കും മതസ്ഥാപനങ്ങൾക്കും വീടുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടായതുകൊണ്ട് ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി നിർത്തിവച്ച വെസ്റ്റ്എളേരി പഞ്ചായത്തിലെ കാക്കടുവ് അരിങ്കല്ലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി വലിയ കുഴികളാണ് ഈ ക്വാറികൾ മൂലം രൂപപ്പെട്ടിട്ടുള്ളത്. മദ്രസയിലേക്ക് സ്കൂളിലേക്കും വിദ്യാർഥികൾ അടക്കമുള്ള ആളുകൾ നടന്നു പോകാൻ ഉപയോഗിക്കുന്ന റോഡിന്റെ വശങ്ങളിലാണ് ഈ വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. കുഴികൾ മൂടുകയോ വശങ്ങളിൽ കമ്പിവേലികൾ നിർമ്മിച്ച സംരക്ഷണം ഒരുക്കുകയും ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ ഇതിനുമുമ്പ് സ്ഥലം ഉടമയ്ക്ക് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് ചെയ്യാൻ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
അതിനുപുറമേയാണ് ചെങ്കുത്തായി കിടക്കുന്ന മലമ്പ്രദേശത്ത് വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം നിർത്തിവെച്ച മറ്റൊരു ക്വാറിയുടെ പുനർപ്രവർത്തനവുമായി കുത്തക മുതലാളിമാർ വീണ്ടും രംഗത്ത് വന്നിട്ടുള്ളത്.
വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രതിഷേധങ്ങൾ മറച്ചു വെച്ചാണ് സ്ഥലം ഉടമ ക്വാറി മുതലാളിമാർക്ക് ഈ സ്ഥലം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്തുതന്നെയായാലും നാടിനും നാട്ടുകാർക്കും പരിസ്ഥിതിക്കും അന്തരീക്ഷത്തിലും ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങൾക്കും വലിയ ഭീഷണിയായി തീർന്നേക്കാവുന്ന ഈ ക്വാറിയുടെ പ്രവർത്തനങ്ങൾക്ക് അധികൃതർ അനുമതി നൽകരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ക്വാറിയുടെ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനു വേണ്ടി നാട്ടുകാർ ചേർന്ന് ഒരു ജനകീയ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്.
കെ. അഹമ്മദ്കുഞ്ഞി, നൗഷാദ് ഇമ്പാടി, പി.സി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.സി. മുഹമ്മദ്കുഞ്ഞി (ചെയർമാൻ), കെ. അഹമ്മദ്കുഞ്ഞി (വൈസ് ചെയർമാൻ), എ.ജി. മുഹമ്മദ് കുഞ്ഞി (ജനറൽ കൺവീനർ), ഒ.ടി. ഇബ്രാഹിം (കൺവീനർ), കെ.പി. ഇർഫാൻ (ട്രഷറർ).