അരിയും അവശ്യസാധനങ്ങളുമില്ല; മാവേലി സ്റ്റോറുകളിൽ തിരക്കൊഴിയുന്നു
1374440
Wednesday, November 29, 2023 7:33 AM IST
കാസർഗോഡ്: അരിയും അവശ്യസാധനങ്ങളുമില്ലാതെ മൂന്നുമാസം പിന്നിടുമ്പോൾ മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും തിരക്കൊഴിയുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ നീണ്ട ക്യൂ കാണാമായിരുന്ന മാസാവസാന ദിനങ്ങളിൽ പോലും ആളൊഴിഞ്ഞ കൗണ്ടറുകളിൽ ജീവനക്കാർ വെറുതേയിരിക്കേണ്ട അവസ്ഥയാണ്.
ഓരോ മാസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന മാവേലി സ്റ്റോറുകളിൽ പലതിലും ഇപ്പോൾ മാസവരുമാനം അതിന്റെ നാലിലൊന്നായി. ഇതോടെ പലയിടങ്ങളിലും ദിവസവേതനത്തിന് ജോലിചെയ്യുന്ന സെയിൽസ് അസിസ്റ്റന്റുമാരും പാക്കിംഗ് തൊഴിലാളികളും ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലായി.
സബ്സിഡി വിലയ്ക്ക് നൽകിയിരുന്ന നിത്യോപയോഗ സാധനങ്ങളിൽ കടലയും വെളിച്ചെണ്ണയും ചെറുപയറും മാത്രമാണ് ചിലയിടത്തെങ്കിലും സ്റ്റോക്കുള്ളത്. പൊതുവിപണിയിൽ വില കുത്തനെ ഉയർന്നുനിൽക്കുന്ന പുഴുക്കലരിയും പച്ചരിയും പഞ്ചസാരയും മുളകും മല്ലിയും ഉഴുന്നുമൊന്നും മാവേലി സ്റ്റോറുകളിൽ കണികാണാൻ പോലുമില്ലാതായിട്ട് മാസങ്ങളായി.
സബ്സിഡി സാധനങ്ങളുടെ ക്ഷാമം ഓണത്തിനും മൂന്നു മാസം മുമ്പേ തുടങ്ങിയതാണ്. ഓണത്തോടടുത്ത ദിവസങ്ങളിലാണ് പരാതി ഒഴിവാക്കാനെന്നവണ്ണം എല്ലാ സാധനങ്ങളും അൽപമെങ്കിലും സ്റ്റോക്കെത്തിയത്. പിന്നെ അത് തീരുന്നതുവരെ പിടിച്ചുനിന്നു. സെപ്റ്റംബർ അവസാനമായപ്പോഴേക്കും മിക്കവാറും എല്ലാ സാധനങ്ങളുടെയും സ്റ്റോക്ക് തീർന്നു. പിന്നീട് ഇന്നുവരെയും നാമമാത്രമായാണ് മിക്കയിടങ്ങളിലും പുതിയ സ്റ്റോക്ക് എത്തിയത്. അതിൽതന്നെ അരിയും പഞ്ചസാരയും മുളകും ഉഴുന്നുമൊന്നും ഉണ്ടായതുമില്ല.
സാധനങ്ങൾ എത്താത്തതിനാൽ പാക്കിംഗ് തൊഴിലാളികൾക്ക് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജോലിയുള്ളത്. ഇനി സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയാലെങ്കിലും പുതിയ സ്റ്റോക്ക് വരുമെന്നു കരുതിയാണ് എല്ലാവരും കാത്തിരിക്കുന്നത്.