റോഡും കുടിവെള്ളവുമില്ലാതെ കോളിയാര്‍ ഊരുനിവാസികള്‍
1339663
Sunday, October 1, 2023 6:36 AM IST
തായന്നൂര്‍: വനത്തിനുള്ളിലെ ഒറ്റപ്പെട്ട പ്രദേശമല്ല, കോടോം-ബേളൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്‍പ്പെടുന്ന ജനവാസമേഖലയാണ്.
പക്ഷേ ഏഴ് ആദിവാസി കുടുംബങ്ങള്‍ കഴിയുന്ന കോളിയാര്‍ ഊരിലേക്ക് പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വഴി വനപാതയേക്കാള് ദുര്‍ഗടമായ അവസ്ഥയിലാണ്. ജീപ്പിനു പോലും ഇതുവഴി കയറാന്‍ ബുദ്ധിമുട്ടാണ്.
വീടുകളിലേക്കുള്ള അവശ്യസാധനങ്ങള്‍ പോലും തലച്ചുമടായി എത്തിക്കേണ്ട അവസ്ഥ. പ്രായമുള്ളവരെയോ രോഗബാധിതരെയോ ആശുപത്രിയിലേക്കു കൊണ്ടുപോകണമെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരം ചുമന്നു നടന്ന് പ്രധാന റോഡിലെത്തിക്കണം. 800 മീറ്ററോളം നീളത്തില്‍ റോഡ് പാടേ തകര്‍ന്ന നിലയിലാണ്.വേനല്‍ തുടങ്ങുന്നതോടെ കുടിവെള്ളത്തിന്റെ കാര്യവും പ്രശ്നമാകും. വീടുകളിലേക്കുള്ള വെള്ളവും ദൂരസ്ഥലങ്ങളില്‍നിന്നും കാല്‍നടയായി ചുമന്നെത്തിക്കേണ്ട അവസ്ഥയാകും.
റോഡിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്നങ്ങള്‍ പലതവണ ഊരുകൂട്ടത്തിലും ഗ്രാമസഭയിലും ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഊരുനിവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി ജില്ലാ കളക്ടറെയും കണ്ടിരുന്നു.
അതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ നടപടിയായിട്ടുണ്ടെന്ന് പഞ്ചായത്തംഗം എം.വി. ജഗന്നാഥ് അറിയിച്ചു. റോഡിനു വേണ്ടി സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഈ മഴക്കാലം കഴിഞ്ഞാലുടന്‍ പണി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.