വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി
1338122
Monday, September 25, 2023 1:13 AM IST
പയ്യന്നൂര്‍: കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ക്കിടയില്‍ ആരോഗ്യരംഗത്തുള്‍പ്പെടെ സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനായി ചിലര്‍ ബോധപൂര്‍വമായ വിവിദങ്ങളുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ ഇല്ലാതായ രോഗങ്ങള്‍ വീണ്ടുമെത്തുന്നത് എങ്ങിനെയെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്ക്കുപോലുംപറയാനാവുന്നില്ല. ഇക്കാര്യത്തില്‍ ഐസിഎംആറിനും വ്യക്തമായ നിലപാട് എടുക്കാനാവുന്നില്ല. രണ്ടും മൂന്നും തലമുറകളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള സംസ്ഥാനമായി കേരളം മാറി. ഈ നേട്ടങ്ങളൊന്നും ജനങ്ങളുടെ ശ്രദ്ധയില്‍പെടാതിരിക്കാനാണ് ചിലര്‍ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
1600 കോടി രൂപയാണ് മൂന്നരകോടി ജനങ്ങളുള്ള കേരളത്തിലെ സൗജന്യ ചികിത്സക്കായി ചെലവഴിക്കുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ആധുനിക റോബോട്ടിക് സര്‍ജറി നടത്തുന്നതിനാവശ്യമായ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും അസംഭവ്യമെന്ന് കരുതിയിരുന്ന പലതും ഏഴുവര്‍ഷംകൊണ്ട് ആരോഗ്യ രംഗത്ത് നടപ്പാക്കാനായെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
104 കോടിയുടെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 56.31 കോടി രൂപ ചെലവിലാണ് ഏഴുനില കെട്ടിടം നിര്‍മിച്ചത്. 22 കോടി രൂപ ഉപകരണങ്ങള്‍ വാങ്ങാനായും ബാക്കിതുക അനുബന്ധ സൗകര്യങ്ങളൊരുക്കാനുമായാണ് മാറ്റിവച്ചിരിക്കുന്നത്.
മുന്‍ എംഎല്‍എ സി. കൃഷ്ണന് മുഖ്യാതിഥിയായി. എംഎല്‍എ ടി.ഐ. മധുസൂദനന്, നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി. ലളിത, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പയ്യന്നൂർ താലൂക്ക് ആശുപത്രി
ഏഴു നിലകളിൽ
പയ്യന്നൂർ: ഏഴു നിലകളിൽ 79,452 ചതുരശ്ര അടിയിൽ തല ഉയർത്തി നിൽക്കുകയാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പയ്യന്നൂർ താലൂക്ക് ആശുപത്രി കെട്ടിടം. ഒരേക്കർ 96 സെന്റ് സ്ഥലത്ത് സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 104 കോടി രൂപ മാസ്റ്റർ പ്ലാനിൽ ആണ് ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗം, പരിശോധന സംവിധാനങ്ങൾ, പ്രത്യേക ചികിത്സ വാർഡുകൾ, വിവിധ ഐസിയു അടക്കമുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആശുപത്രിയിൽ നിലവിൽ എട്ട് വിഭാഗങ്ങളിലായി 22 ഡോക്ടർമാരും 150 ഇതര ജീവനക്കാരുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള 2019 കായകൽപ്പ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങളും താലൂക്ക് ആശുപത്രിക്ക് ലഭിച്ചു.
1919ൽ ബ്രിട്ടീഷ് ഭരണകാലത്ത് റൂറൽ ഡിസ്പൻസറിയായി പ്രവർത്തനം തുടങ്ങിയ ആതുരാലയമാണിത്. 1965ൽ സർക്കാർ ആശുപത്രിയായി മാറി. 2009ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടത്.