വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവം: ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു
1337480
Friday, September 22, 2023 3:20 AM IST
കാഞ്ഞങ്ങാട്: 28 വര്‍ഷം മുമ്പ് ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു. ചെറുവത്തൂര്‍ കാടങ്കോട്ടെ മല്ലക്കര കമലാക്ഷി (75) നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. 1995 ല്‍ കമലാക്ഷിയുടെ ഇടതുകണ്ണിന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ഈ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാണിച്ച് കമലാക്ഷി ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 1999ല്‍ ഫയല്‍ ചെയ്ത കേസില്‍ 2018 ല്‍ വിധി വന്നു. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടെങ്കിലും ഒരുവര്‍ഷം കഴിഞ്ഞും കോടതി വിധി നടപ്പിലായില്ല.
2019ല്‍ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി അപ്പീല്‍ തള്ളിയതോടെ ഈട് നല്കിയ ജീപ്പ് കഴിഞ്ഞമാസം ജപ്തിചെയ്തിരുന്നു.
പലിശയടക്കം നഷ്ടപരിഹാരത്തുക എട്ടുലക്ഷത്തോളം കമലാക്ഷിക്ക് നല്‍കണമെന്നിരിക്കെ 30,000 രൂപ വില വരുന്ന ജീപ്പ് വേണ്ടെന്ന് ഹര്‍ജിക്കാരി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ആര്‍ഡിഒയുടെ നാലുവര്‍ഷം പഴക്കമുള്ള സ്കോര്‍പിയോ ജീപ്പ് ജപ്തിചെയ്യാന്‍ ഹൊസ്ദുര്‍ഗ് സബ്കോടതി ജഡ്ജി എം.സി. ബിജു ഉത്തരവിട്ടത്.