കാട്ടുപന്നിക്കൂട്ടം ഫാം തകര്‍ത്തു; 350 കോഴികളെ കടിച്ചുകീറി
1336212
Sunday, September 17, 2023 6:31 AM IST
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അന്‍പത്തിയാറ് തട്ട് ഉദയപുരത്ത് കാട്ടുപന്നിക്കൂട്ടം കോഴിഫാമിലെത്തി 350 ഓളം കോഴികളെ കടിച്ചു കൊന്നു.
കോഴിഫാമിന്റെ പ്ലാസ്റ്റിക് ഗ്രില്‍ തകര്‍ത്താണ് കാട്ടുപന്നികള്‍ അകത്തുകയറിയത്. വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെരക്കോണില് ജോസിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് കാട്ടുപന്നി ആക്രമണം നടന്നത്.
350 കോഴികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഫാമിലുണ്ടായിരുന്ന ബാക്കി കോഴികളും മാരകമായി പരിക്കേറ്റ നിലയിലാണ്. പലതും ഇനി രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത വിധത്തിലാണ്. ഓരോ കോഴികളും രണ്ടര കിലോയ്ക്കടുത്ത് തൂക്കമുള്ളവയായിരുന്നുവെന്ന് ജോസ് പറഞ്ഞു. ചത്തു കിടന്ന 350 കോഴികളെ സമീപവാസികളായ യുവാക്കളുടെ സഹായത്തോടെ കുഴിച്ചുമൂടി.
കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവുസംഭവമാണെങ്കിലും കോഴികളെ കൊല്ലുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. എണ്ണത്തില്‍ പെരുകി ആഹാരം കിട്ടാതെ വരുമ്പോള്‍ കാട്ടുമൃഗങ്ങളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റത്തിന്റെ സൂചനയാണിതെന്ന് കര്‍ഷകര്‍ പറഞ്ഞു.
കമ്മാടം കാവിലും ചട്ടമല വനത്തില്‍ നിന്നുമാണ് കാട്ടുപന്നികള്‍ കൂട്ടമായി ഇവിടെയെത്തുന്നത്. വെള്ളിയാഴ്ച രാത്രി തന്നെ ഇതിനടുത്തുള്ള ചൂരപ്പൊയ്കയില്‍ മാത്യുവിന്റെ കൃഷിയിടത്തിലെ കപ്പയും ചേനയും കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.