റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയ ഒരു മരത്തിന് പകരം പത്തു മരം നട്ടുപിടിപ്പിക്കും
1300766
Wednesday, June 7, 2023 12:59 AM IST
കാസര്‍ഗോഡ്: റോഡ് വികസനത്തിന് വേണ്ടി മുറിച്ചുമാറ്റപ്പെട്ട ഒരു മരത്തിന് പകരം പത്തു മരങ്ങള്‍ നട്ടുപ്പിടിപ്പിക്കുന്ന സംസ്ഥാന ഗതാഗത വകുപ്പിന്റെ പദ്ധതി പരിസ്ഥിതി ദിനത്തില്‍ കുമ്പളയിലും ബദിയടുക്കയിലും നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. കേരള സംസ്ഥാന ഗതാഗത വകുപ്പിന്റെ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങള്‍ക്ക് പകരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചുകൊണ്ട് പ്രകൃതിയെ കൈവിടാതെയുള്ള വികസനനയം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍.
മുറിച്ചുമാറ്റപ്പെട്ട ഓരോ മരങ്ങള്‍ക്ക് പകരം പത്തു മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്ക് നേതൃത്വം നല്‍കിയത് റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്ട്സ് കമ്പനിയാണ്. റോഡ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തവര്‍ തന്നെ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ മുന്നിട്ടിറങ്ങിയത് പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതി. കുമ്പളയില്‍ മഞ്ചേശ്വരം എ.കെ.എം. അഷ്റഫ് എംഎല്‍എ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് എന്നിവര്‍ വൃക്ഷത്തൈ നടീലിന് നേതൃത്വം നല്കി.
ബദിയടുക്കയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്തയും വൃക്ഷത്തൈ നടീലിന് നേതൃത്വം നല്കി.
റോഡ് നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കെഎസ്ടിപി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ധന്യ, ബദിയടുക്ക എസ്ഐ കെ.പി. വിനോദ് കുമാര്‍, പരിസ്ഥിതി പ്രവര്ത്തകന് രാജു, പ്രോജക്റ്റ് മാനേജര്‍ അരവിന്ദ്, ഡിപിഎം പ്രോജക്റ്റര്‍ ആര്‍ടിഎസ് റോബിന്, കെഎസ്ടിപി ഉദ്യോഗസ്ഥരായ സന്തോഷ്, ഹരീഷ്, വിഷ്ണുജിത്ത്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ് എന്നിവര്‍ പങ്കെടുത്തു.