സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി
1281544
Monday, March 27, 2023 10:44 PM IST
കൂത്തുപറമ്പ്: സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലിഗ്രാം വഴി പ്രചരിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പൂക്കോട് തൃക്കണ്ണാപുരത്തെ എം. മുരളീധര (45) നെയാണ് വലിയവെളിച്ചത്ത് ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും മുരളീധരനും അഭിനവ് (25) എന്നയാൾക്കുമെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തിരുന്നു.
തൃക്കണ്ണാപുരം സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. അതേസമയം, കേസിൽ മറ്റൊരു പ്രതിയായ അഭിനവിനെ ഇന്നലെ രാവിലെ ആത്മഹത്യാശ്രമം നടത്തിയതിനെത്തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചതിന് സിപിഎം കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റിയംഗമായ മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചിരുന്നു. മുരളീധരന്റെ സംസ്കാരം ഇന്ന് നടക്കും.