എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളുമായി കൈകോര്‍ത്ത് മാസ്
1280174
Thursday, March 23, 2023 12:53 AM IST
കാസർഗോഡ്: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇന്ത്യാ ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ പനത്തടി, കോടോംബേളൂര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തില്‍പ്പെട്ട 400-എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വരുമാന പദ്ധതിയുടെ ഭാഗമായി കോടോം-ബേളൂര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍പ്പെട്ട എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളിലെ സ്ത്രീകള്‍ക്കായി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസി തോമസ് അധ്യക്ഷതവഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഏബ്രാഹം ഉള്ളാടപ്പുള്ളില്‍, കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസഫ് പാറതട്ടയില്‍, കോടോം-ബേളൂര്‍ പഞ്ചായത്തംഗം ആന്‍സി ജോസഫ്, അനഘ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പ്രോഡക്ട് ട്രെയിനര്‍ ആശാ തോമസ് വിവിധതരം കേക്കുകള്‍, സ്ക്വാഷുകള്‍, ജാമുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ പരശീലനം നല്കി. പ്രോഗ്രാമിന് മാസ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വിനു ജോസഫ് നേതൃത്വം നല്കി. പരിശീലനത്തില്‍ 35 വനിതകള്‍ പങ്കെടുത്തു.