രേഖകളില്ലാതെ 18 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
1242574
Wednesday, November 23, 2022 12:41 AM IST
മഞ്ചേശ്വരം: കർണാടക ട്രാൻസ്പോർട്ട് ബസിൽ രേഖകളില്ലാതെ കടത്തിയ 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ വാമഞ്ചൂർ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നിതിൻ (25) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 6.30ന് മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിലാണ് നിതിൻ യാത്ര ചെയ്തിരുന്നത്. എക്സൈസിന്റെ പരിശോധനയിലാണ് പണം കണ്ടെത്തിയത്. നിതിൻ പണം കടത്തുന്ന സംഘത്തിലെ പ്രധാന ഏജന്റാണെന്ന് എക്സൈസ് സംഘം പറഞ്ഞു. പണം കൈമാറിയ സംഘം ഒരു മൊബൈൽ ഫോണ്‍ നന്പർ നൽകിയതായും ബസ് കാസർഗോഡ് സ്റ്റാന്‍ഡിൽ എത്തിയാൽ ഈ നന്പറിലേക്ക് വിളിച്ചാൽ ആൾ എത്തുമെന്നും പണം കൈമാറിയാൽ മതിയെന്നും യുവാവ് പറഞ്ഞതായി എക്സൈസ് അധികൃതർ പറഞ്ഞു.
പണവും പ്രതിയെയും മഞ്ചേശ്വരം പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സജിത്, എക്സൈസ് ഓഫീസർമാരായ വിജയൻ, സോണു, സെബാസ്റ്റ്യൻ എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു.