ലഹരിക്കെതിരെ ഒരു മാസം നീളുന്ന പ്രചാരണ പരിപാടി
1226496
Saturday, October 1, 2022 12:43 AM IST
കാസർഗോഡ്: ലഹരിവിമുക്ത ജില്ല എന്ന സ്വപ്ന സാക്ഷാത്കാരത്തിനായുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം. ലഹരിയുടെ കരിനിഴല്‍ സമൂഹത്തിന്റെ മുന്നോട്ടു പോക്കിനെ തടയുന്നു. ഇതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്യുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് വരെ ലഹരിക്കെതിരെ വിപുലമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
ലഹരി വിപത്തിനെതിരെ സംസ്ഥാനത്ത് നടപ്പാക്കുന്ന വിമുക്തി ജില്ലാ തല യോഗം ചേര്‍ന്നു. കാസർഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഡി. ബാലചന്ദ്രന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ, അസി.എക്സൈസ് കമ്മീഷണര്‍ കെ.കൃഷ്ണകുമാര്‍, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഹരിദാസന് പാലക്കല്‍, എന്‍. ജി.രഘുനാഥന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം പൂര്‍ണമായും തുടച്ചുനീക്കണം. ഭയാനകമായ സാഹചര്യത്തിലൂടെയാണ് ജില്ല കടന്നുപോകുന്നതെന്നും അതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണമടക്കമുള്ള പരിപാടികള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ഒന്നോ രണ്ടോ കുട്ടികളില്‍ ആരംഭിച്ച് ലഹരി വിപത്ത് ഒരു ശ്യംഖല തന്നെ സ്ഥാപിച്ചെന്നും യോഗം വിലയിരുത്തി. രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ആര്. ജയാനന്ദ, ബിജു ഉണ്ണിത്താന്, ലൈബ്രറി കൗണ്‍സില്‍ അംഗം ഇ.ജനാര്ദ്ദനന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, കുടുംബശ്രീ എഡിഎംസി പ്രകാശന് പാലായി, പട്ടികജാതി വികസന ഓഫീസര്‍ എസ്. മീനാറാണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിമുക്തിയുടെ ഭാഗമായി സംസ്ഥാനം, ജില്ല, പഞ്ചായത്ത്, വാര്‍ഡ്, സ്കൂള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സമിതി രൂപികരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം എക്സൈസ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിപത്തിനെതിരെ നിര്‍മിച്ച ഹസ്വ ചിത്രം "വേക്ക് അപ്പ് ' യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. സുഭാഷ് വനശ്രീയുടെ കഥക്ക് പി.എ. രാമചന്ദ്രന് തിരക്കഥയൊരുക്കി. വിനു നാരായണന് ആണ് വേക്ക് അപ്പിന്റെ സംവിധായകന്.
കൂട്ടയോട്ടം നാളെ
പെരിയ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തുന്നു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ പരിപാടി ഫ്ളാഗ് ഓഫ് ചെയ്യും. പെരിയ കേന്ദ്രസര്‍വകലാശാല പരിസരത്ത് നിന്നുമാണ് കൂട്ടയോട്ടം ആരംഭിക്കുക.