തീരദേശ പരിപാലന നിയമം; വലിയപറമ്പില്‍ നാളെ സമരപ്രഖ്യാപന കണ്വന്ഷന്
1225885
Thursday, September 29, 2022 12:45 AM IST
തൃക്കരിപ്പൂര്‍: തീരദേശ പരിപാലന നിയമം മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ദ്വീപ് പഞ്ചായത്തായ വലിയപറമ്പില്‍ നാളെ സമരപ്രഖ്യാപന കണ്വന്ഷന് നടക്കും. വൈകുന്നേരം 3ന് വലിയപറമ്പ് ബീച്ചില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കും. സിആര്‍സെഡ് നിയമം മൂലം വീടുകളോ കെട്ടിടങ്ങളോ നിര്‍മിക്കാന്‍ കഴിയാതെ ദുരിതം പേറുകയാണ് വലിയപറമ്പ് നിവാസികള്‍.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സിആര്‍സെഡ് ഭേദഗതിയെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടത്. പക്ഷേ നിരാശയായിരുന്നു ഫലം. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കുന്ന സിആര്‍സെഡ് മാനേജ്മെന്റ് പ്ലാനില്‍ വലിയപറമ്പിനെ എ ഗ്രേഡ് ടൗണ്‍ഷിപ്പ് പഞ്ചായത്താക്കി മാറ്റി സിആര്‍സെഡ് 2 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെയും കക്ഷിരാഷ്ട്രീയത്തിനതീതമായി രൂപീകരിച്ച സമരസമിതിയുടെയുംനിര്ദേശം. ഈ അവകാശം നേടിയെടുക്കുന്നതിനായാണ് പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുന്നതെന്ന് സമരസമിതി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്, എം.ടി. അബ്ദുല്‍ ജബ്ബാര്‍, ഖാദര്‍ പാണ്ട്യാല, കെ. അശോകന്, ഉസ്മാന് പാണ്ട്യാല, എം. ഭാസ്കരന്, മധുസൂദനന് കാരണത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.