തെരുവുനായ്ക്കളെ പാർപ്പിക്കാൻ കോര്പറേഷന് പരിധിയില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കും
1568736
Friday, June 20, 2025 1:13 AM IST
കണ്ണൂര്‍: കോർപറേഷൻ പരിധിയിൽ അക്രമകാരികളായ തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിക്കാന്‍ ഇന്നലെ ചേർന്ന സ്പെഷൽ കൗൺസിൽ യോഗത്തിൽ തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടര്‍ നിര്‍മിക്കാനാവശ്യമായ സ്ഥലം കോര്പറേഷന് പരിധിയില്‍ കണ്ടെത്തുമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.
നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം ഒരുക്കുക എന്നത് കൗണ്‍സിലര്‍മാരും നാട്ടുകാരും നിരന്തരം ഉന്നയിക്കുന്ന കാര്യമാണ്. ഇതിനായുള്ള സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് പദ്ധതി നടപ്പിലാക്കാന്‍ വൈകിയത്. എന്നാല്‍, നിലവില്‍ വര്‍ധിച്ച് വരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഷെല്‍ട്ടര്‍ ഹോം അനിവാര്യമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താന്‍ ഇന്ന് രാവിലെ 11ന് കോര്പറേഷന് ഹാളില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
എല്ലാവരോടും ചര്‍ച്ച് ചെയ്ത് ശേഷമാണ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്തുക. കൂടാതെ തെരുവുനായ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കോര്പറേഷന് സ്വന്തം നിലയില്‍ എബിസി സംവിധാനം പ്രാവര്‍ത്തികമാക്കുന്നതും ആലോചിച്ച് നടപ്പിലാക്കുമെന്ന് മേയര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ പടിയൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എബിസി സെന്റര്‍ മാത്രമാണുള്ളത്.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നായകളെ വന്ധ്യംകരണം നടത്താന്‍ ഇവിടെയാണ് എത്തിക്കുന്നത്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ എബിസി സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നത്. അതുപോലെ നായകള്‍ക്ക് വന്ധ്യംകരണം നടത്താനുള്ള മൊബൈല്‍ പോര്‍ട്ടബിള്‍ യൂണിറ്റ് സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും അത് കോര്പറേഷന് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോര്പറേഷന് സെക്രട്ടറി പറഞ്ഞു. നിലവില്‍ എല്ലാ എച്ച്ഐമാര്ക്കും നായയെ വന്ധ്യംകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സത്വരം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നായ്ക്കളെ പിടികൂടാന്‍ കൂടുതല്‍ നായ പിടുത്തക്കാരെയും നായ്ക്കളെ പിടികൂടി മാറ്റാന്‍ നൂറോളം കൂടുകളും വേണമെന്ന കാര്യവും സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി തെരുവുനായ ആക്രമണത്തില്‍ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് ചെയ്യുമെന്നും മേയര്‍ പറഞ്ഞു. കന്റോണ്മെന്റില് ഭക്ഷണ മാലിന്യം ഉള്‍പ്പെടെ തള്ളുന്നത് കാരണമാണ് നഗരത്തില്‍ ഇത്രയധികം തെരുവുനായ ശല്യമെന്നത് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിഷയം കന്റോണ്‍മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കന്റോൺമെന്റ് അധികാരികളെ ഉള്‍പ്പെടെ ഇന്നത്തെ യോഗത്തില്‍ പങ്കെടുപ്പിക്കാനും കൗണ്‍സിലില്‍ തീരുമാനിച്ചു. വളര്‍ത്തു നായകള്‍ക്കെല്ലാം ലൈസന്‍സ് എടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കും. കോര്‍പറേഷനില്‍ വെറ്ററിനറി ഡോകറുടെ പോസ്റ്റിംഗ് നടത്താനുള്ള പ്രപ്പോസല്‍ സര്‍ക്കാറിലേക്ക് നല്‍കാനും തീരുമാനിച്ചു.